കുന്ദമംഗലം: സംസ്ഥാന പാതയില്‍ കുന്ദമംഗലം മുക്കം റോഡിലെ വെള്ളക്കെട്ടിന് ഉടനടി പരിഹാരം കാണണ മെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂനിറ്റ് കമ്മറ്റി അസി.എന്‍ഞ്ചിനീയര്‍ക്ക് നിവേദനം നല്കി. മഴക്കാലത്തിന് മുന്‍പ് ഓടയില്‍ കുമിഞ്ഞ് കൂടിയ മണ്ണ് നീക്കം ചെയ്യാത്തതിനാല്‍ ചെറിയ മഴ പെയ്യുമ്പോഴേക്കും റോഡില്‍ വെള്ളം കെട്ടി നില്‍ക്കുകയാണ്.വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളമെത്തി സാധനങ്ങള്‍ നശിക്കുന്നതും, കാല്‍നടക്കാരുടെയും മറ്റും ദേഹത്തേക്ക് ചളി വെള്ളം തെറിക്കുന്നതും പതിവാണ്.
റോഡിലെ വെള്ളക്കെട്ട് കാരണം സമീപത്തെ ‘ പൊതുവിതരണ കേന്ദ്രത്തിലേക്കും, മല്‍സ്യ മാര്‍ക്കറ്റിലേക്കും, കടകളിലേക്കും ജനങ്ങള്‍ വരാന്‍ മടിക്കുകയാണ് .സ്ഥല പരിചയമില്ലാതെയെത്തുന്ന ഇരുചക്രവാഹനക്കാര്‍ അപകടത്തില്‍പ്പെടുന്നതും വര്‍ധിച്ചിട്ടുണ്ട്. ഒരുഭാഗത്ത് മാത്രമാണ് ഇവിടെ അഴുക്ക്ചാല്‍ ഉള്ളത്. ഇതു കൊണ്ട് തന്നെ റോഡിലൂടെയാണ് വെള്ളം ഒഴുകി പോകുന്നത്.പൊതു ജനങ്ങള്‍ക്കും, വാഹനങ്ങള്‍ക്കും ഏറെ ദുരിതമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം വേണമെന്നാണ് വ്യാപാരികള്‍ ആവിശ്യപ്പെടുന്നത്.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രിസിഡണ്ട് എം ബാബു മോന് , എന്‍ വിനോദ്കുമാര്‍, , പി സുമോദ്, സുനില്‍ കണ്ണോറ, ടി വി ഹാരിസ് എന്നിവര്‍ നേതൃത്വം നല്കി.

