ഗുജറാത്ത് കലാപക്കേസില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ പ്രതിചേര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേല്‍ ഗൂഢാലോചന നടത്തിയതായി പൊലീസ്. ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ആരോപണം. സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് ഈ ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് ഗുജറാത്ത് പൊലീസ് പറയുന്നു.
കലാപക്കേസില്‍ ബിജെപി നേതാക്കളെ കുടുക്കാന്‍ തീസ്ത സെതല്‍വാദ്, മുന്‍ ഐപിഎസ് ഓഫീസര്‍മാരായ ആര്‍ബി ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നിവര്‍ ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്. മോദി സര്‍ക്കാരിനെ തകര്‍ക്കാന്‍ ഇവര്‍ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ചു. കലാപം നടന്ന് നാല് മാസങ്ങള്‍ക്കുശേഷം തീസ്ത സെതല്‍വാദും, സഞ്ജീവ് ഭട്ടും ഡല്‍ഹിയില്‍ എത്തി രഹസ്യമായി അഹമ്മദ് പട്ടേലിനെ കണ്ടിരുന്നു. അക്കാലത്തെ കേന്ദ്ര നേതാക്കളുമായും ഇവര്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി നേതാക്കളെ കുടുക്കാന്‍ ഈ കൂടിക്കാഴ്ചയില്‍ തീരുമാനമായതായും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
കലാപത്തിന് പിന്നാലെ നടന്ന കൂടിക്കാഴ്ചയില്‍ അഹമ്മദ് പട്ടേല്‍ സെതല്‍വാദിന് 5 ലക്ഷം രൂപ നല്‍കിയിരുന്നു. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തുടര്‍ന്ന് അഹമ്മദാബാദിലെ ഷാഹിബൗഗിലുള്ള സര്‍ക്യൂട്ട് ഹൗസില്‍വച്ച് അഹമ്മദ് പട്ടേല്‍ 25 ലക്ഷം രൂപ സെതല്‍വാദിന് നല്‍കി. ഈ പണം കലാപബാധിതരുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായല്ല ഉപയോഗിച്ചതെന്നും മൊഴിയുണ്ട്.
കോണ്‍ഗ്രസിനോട് രാജ്യസഭാ സീറ്റും സെതല്‍വാദ് ആവശ്യപ്പെട്ടിരുന്നു. എന്തുകൊണ്ടാണ് പാര്‍ട്ടി ”ശബാനയ്ക്കും ജാവേദിനും മാത്രം അവസരം” നല്‍കുന്നതെന്നും എന്തുകൊണ്ടാണ് തന്നെ രാജ്യസഭാംഗമാക്കാത്തതെന്നും ഒരു കോണ്‍ഗ്രസ് നേതാവിനോട് സെതല്‍വാദ് ചോദിച്ചതായി സാക്ഷികളുടെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നു.