പാലക്കാട്: എസ്‌ഐയെ വാഹനം ഇടിച്ച് തെറിപ്പിച്ച പ്രതിയെ പിടികൂടി. പത്തൊമ്പതുകാരനായ അലനെ തൃത്താല പൊലീസാണ് പിടികൂടിയത്. ഇന്നലെ അര്‍ധരാത്രിയാണ് വാഹനപരിശോധനക്കിടെ തൃത്താല എസ്‌ഐ ശശികുമാറിനെ വാഹനമിടിച്ച് വീഴ്ത്തിയത്. സംഭവത്തിന് ശേഷം വാഹനം വീട്ടില്‍ എത്തിച്ച് പ്രതി കടന്നുകളയുകയായിരുന്നു.
തൃത്താല വെള്ളിയാങ്കല്ല് ഭാഗത്ത് അസാധാരണ സാഹചര്യത്തില്‍ കാര്‍ നിര്‍ത്തിയിട്ടത് കണ്ട് എത്തിയതായിരുന്നു പൊലീസ് സംഘം. പൊലീസിനെ കണ്ട വാഹനം ആദ്യം പുറകോട്ട് എടുത്തപ്പോഴാണ് എസ്‌ഐ ശശികുമാറിനെ ഇടിച്ചത്.
നിര്‍ത്താതെ പോയ വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഉടമ അഭിലാഷിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ 19 വയസുള്ള മകനാണ് വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് പിന്നീട് സ്ഥിരീകരിച്ചു.