ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വയനാടോ റായ്ബറേലിയോ നിലനിര്‍ത്തുക എന്നതില്‍ നാളെ തീരുമാനമുണ്ടായേക്കും. രാഹുല്‍ റായ്ബറേലിയില്‍ നിലനിര്‍ത്തണമെന്ന് കോണ്‍ഗ്രസിലെ ഉത്തരേന്ത്യന്‍ നേതാക്കള്‍ ആവശ്യപ്പെടുന്നു. അതേസമയം പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന വയനാടിനെ കൈവിടരുതെന്നാണ് കേരളത്തിലെ നേതാക്കള്‍ രാഹുലിനോട് ആവശ്യപ്പെടുന്നത്.
രണ്ടു മണ്ഡലങ്ങളില്‍ വിജയിച്ചാല്‍ ഏതു മണ്ഡലം നിലനിര്‍ത്തുന്നു എന്നത് ഫലം വന്ന് 14 ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കണമെന്നാണ് ചട്ടം. ഇതിനുള്ള സമയപരിധി ചൊവ്വാഴ്ച അവസാനിക്കും. അതിനാല്‍ നാളെയോ മറ്റന്നാളോ തീരുമാനമുണ്ടായേക്കും. രാഹുല്‍ഗാന്ധി വയനാട് ഒഴിഞ്ഞേക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സൂചന നല്‍കിയിരുന്നു.