അധികാര ദുര്‍വിനിയോഗം നടത്തി കോണ്‍ഗ്രസിനെ ഇല്ലാതാക്കി, രാജ്യത്ത് ജനാധിപത്യത്തെയും മതേതരത്വത്തെയും തകര്‍ക്കാമെന്ന് കരുതുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ എ ഐ സി സി ഓഫീസിലുണ്ടായ പൊലീസ് നടപടിക്കെതിരെ പ്രതിഷേധിച്ചുള്ള രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് സുധാകരന്‍ മോദിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.
കോണ്‍ഗ്രസ് പ്രസ്ഥാനത്തെയും ദേശീയ നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തി രാഷ്ട്രീയ പകപോക്കല്‍ തീര്‍ക്കുകയാണ് മോദി സര്‍ക്കാര്‍. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപി മുദ്രവാക്യത്തിന്റെ ഭാഗമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. കള്ളക്കേസെടുത്ത് സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും തേജോവധം ചെയ്ത് കോണ്‍ഗ്രസ് മുക്തഭാരതമെന്ന അജന്‍ഡയ്ക്ക് വേഗം പകരാമെന്ന് ബിജെപി കരുതുന്നു.
നെഹ്റുവിന്റെ സ്മരണ പോലും ബിജെപിയും സംഘപരിവാറും ഭയപ്പെടുന്നു. ബിജെപിയുടെ രാഷ്ട്രീയ പാപ്പരത്തിന് തെളിവാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പ്രതികാര നടപടി. നാഷണല്‍ ഹെറള്‍ഡ് കേസ് 2014ല്‍ ഇഡി അന്വേഷണം ആരംഭിച്ച് തെളിവു കണ്ടെത്താന്‍ കഴിയാതെ അവസാനിപ്പിച്ചതാണ്. ഈ കേസില്‍ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സത്യത്തിന്റെ തരിമ്പ് പോലും ഇല്ല.
ചോദ്യം ചെയ്യലിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നു. ജീവന്‍ കൊടുത്തും കോണ്‍ഗ്രസ് പ്രസ്ഥാനത്തെ പ്രവര്‍ത്തകര്‍ സംരക്ഷിക്കും. എഐസിസി ഓഫിസ് താഴിട്ട് പൂട്ടിയതും പാര്‍ട്ടി ആസ്ഥാനത്ത് കയറി കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദിച്ച പൊലീസിന്റെ കാടത്തം രാജ്യത്ത് കേട്ടു കേള്‍വിയില്ലാത്തതാണ്. കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടികളെ മതേതരവിശ്വാസികളെ അണിനിരത്തി കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നേരിടുമെന്നും സുധാകരന്‍ പറഞ്ഞു.