കെ റെയില്‍ പദ്ധതിയുടെ ഭാഗമായുള്ള കല്ലിടല്‍ നിര്‍ത്തി കേരള സര്‍ക്കാര്‍. സാമൂഹിക ആഘാത പഠനത്തിന് ഇനി ജിപിഎസ് സംവിധാനം ഉപയോഗിക്കാനാണ് തീരുമാനം. റവന്യൂവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണം. അല്ലെങ്കില്‍ കെട്ടിടങ്ങളില്‍ മാര്‍ക്ക് ചെയ്യണം. കെ റെയില്‍ കല്ലിടലിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കൂടിയാണ് നടപടി. കേരള റെയില്‍ ഡലവപ്പ്മെന്റ് കോര്‍പ്പറേഷന്റെ അപേക്ഷപ്രകാരമാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്.
പദ്ധതിയ്ക്കായി ഭൂവുടമകളുടെ സമ്മതത്തോടെ മാത്രം കല്ലിടാം എന്നു കെ-റെയില്‍ മാനേജിങ് ഡയറക്ടര്‍ ഈ മാസം 5നു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് റവന്യു അഡിഷനല്‍ ചീഫ് സെക്രട്ടറി ഔദ്യോഗിക കത്തയച്ചത്.
പദ്ധതിയുടെ അലൈന്‍മെന്റ് നേരത്തെ ലിഡാര്‍ സര്‍വേ ഉപയോഗിച്ചു നിര്‍ണയിച്ചതാണെന്നും അതിനാല്‍ ജിപിഎസ് സംവിധാനം ഉപയോഗിച്ച് അതിര്‍ത്തി നിര്‍ണയിക്കാമെന്നും ആണ് കെ-റെയില്‍ റവന്യു വകുപ്പിനെ അറിയിച്ചത്. ജിയോ ടാഗിങ് സംവിധാനത്തോടെയുള്ള സോഫ്റ്റ്വെയര്‍ അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അതിര്‍ത്തി നിര്‍ണയം നടത്താനും സ്ഥിരം നിര്‍മിതികള്‍ ഇതിനായി ഉപയോഗിക്കരുതെന്നും റവന്യു വകുപ്പ് നിര്‍ദേശിച്ചു.
സാമൂഹിക ആഘാത പഠനം നടത്തുന്ന സംഘങ്ങള്‍ക്ക് സ്ഥലം തിരിച്ചറിയാനും അലൈന്‍മെന്റ് മനസിലാക്കാനും ഡിഫറന്‍ഷ്യല്‍ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം സംവിധാനം ഉള്ള സര്‍വേ ഉപകരണങ്ങളോ ജിപിഎസ് സംവിധാനം ഉള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും ആവശ്യപ്പെട്ടു. ലാന്‍ഡ് റവന്യു കമ്മിഷണര്‍മാര്‍ക്കും ഭൂമി ഏറ്റെടുക്കുന്ന ജില്ലകളിലെ കലക്ടര്‍മാര്‍ക്കും കത്തിന്റെ വിശദാംശങ്ങള്‍ കൈമാറിയിട്ടുണ്ട്. റെയില്‍വേ ബോര്‍ഡില്‍ നിന്ന് പദ്ധതിക്ക് അന്തിമ അനുമതി ലഭിക്കുമ്പോള്‍ മാത്രമേ 2013ലെ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള പ്രാഥമിക നോട്ടിഫിക്കേഷനും തുടര്‍ന്നു സര്‍വേയും നടക്കുകയുള്ളുവെന്നും റവന്യു വകുപ്പിന്റെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.