നടു റോഡിൽ ആൾകൂട്ടം നോക്കി നിൽക്കെ കർണാടകയിൽ അഭിഭാഷകക്ക് നേരെ ക്രൂര മർദനം. ബാഗൽകോട്ടിലെ അഭിഭാഷകയായ സംഗീതക്കാണ് ഭർത്താവിനോടൊപ്പം പോകുമ്പോൾ മർദനമേറ്റത് . സംഭവത്തിൽ ബിജെ പി പ്രവർത്തകനായ മഹന്തേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.മഹന്തേഷ് സംഗീതയെ അടിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
മഹന്തേഷ് ടൗണിൽ വച്ച് സംഗീതയെ തടഞ്ഞ് നിർത്തി മർദിക്കുകയായിരുന്നു. സംഗീത അടിയേറ്റ് വീണിട്ടും മർദനം തുടർന്നു. തുടരെ തുടരെ അടിക്കുകയും അടിവയറ്റിൽ ചവിട്ടുകയും ചെയ്തു. ഭർത്താവ് കേണപേക്ഷിച്ചിട്ടും നാട്ടുകാർ ആരും ഇടപെട്ടില്ല. അമിത രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് സംഗീതയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
ബി ജെ പി ജനറൽ സെക്രട്ടറി രാജു നായ്ക്കറുമായിട്ടുള്ള വസ്തു തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് സംഗീത പറഞ്ഞു. സംഗീത താമസിച്ചിരുന്ന കുടുംബ വീട് അമ്മാവൻ രാജു നായിക്കർക്ക് ചെറിയ തുകക്ക് മറ്റ് കുടുംബാംഗങ്ങൾ അറിയാതെ ചെറിയ തുകക്ക് വിറ്റു.പിന്നാലെ സംഗീതയോടും കുടുംബക്കാരോടും വീട്ടിൽ നിന്ന് ഇറങ്ങിപോകണമെന്ന് രാജു നായ്ക്കർ ആവശ്യപ്പെട്ടു. ഇതിനെതിരെ സംഗീത കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് രാജു നായ്ക്കറുടെ അനുയായിയായ മഹന്തേഷ് സംഗീതയെ ഉപദ്രവിച്ചത്.