ലക്നൗ∙ ഉത്തർപ്രദേശിലെ സ്പെഷൽ ടാസ്ക് ഫോഴ്സ് ടീമുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മകൻ ആസാദ് അഹമ്മദിന്റെ സംസ്കാരം നടന്ന് മണിക്കൂറുകൾ മാത്രം പിന്നിടുമ്പോഴാണ്, ക്യാമറക്കണ്ണുകൾക്കു മുന്നിൽ പൊലീസുകാരെ സാക്ഷിയാക്കി ആതിഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫ് അഹമ്മദിനെയും അക്രമികൾ വധിച്ചത്. ഉമേഷ് പാൽ വധക്കേസുമായി ബന്ധപ്പെട്ട കേസിൽ പ്രതിയുമായ ആസാദ് അഹമ്മദും കൂട്ടാളി മുഹമ്മദ് ഗുലാമും രണ്ടു ദിവസം മുൻപാണ് സ്പെഷൽ ടാസ്ക് ഫോഴ്സുമായുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്.
സമാജ്‌വാദി പാർട്ടി മുൻ എംപി ആതിഖ് അഹ്‌മദും സഹോദരനും വെടിവയ്പ്പിൽ കൊല്ലപ്പെട്ടു മകന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാനാകാത്തതു സംബന്ധിച്ച ചോദ്യത്തിനു മാധ്യമങ്ങളോട് മറുപടി പറയുന്നതിനിടെയാണ് ആതിഖിനു നേരെ വെടിവയ്പ്പുണ്ടായത്. ‘‘അവർ കൊണ്ടു പോയില്ല, അതിനാൽ പോയില്ല’’ എന്നായിരുന്നു മകന്റെ അന്ത്യകർമങ്ങളിൽ പോകാനാകാത്തത് സംബന്ധിച്ച് ആതിഖിന്റെ പ്രതികരണം.
നിലവിൽ ജയിൽശിക്ഷ അനുഭവിക്കുന്ന ഇരുവരെയും വൈദ്യപരിശോധനയ്ക്കായി എത്തിച്ചതായിരുന്നു പൊലീസ് സംഘം. ഇരുവരുടെയും കൈകൾ ചേർത്ത് ബന്ധിച്ചാണ് വാഹനത്തിൽനിന്ന് ഇറക്കിയത്. ഇവരുമായി പൊലീസുകാർ നടന്നനീങ്ങവെ കാത്തുനിന്ന മാധ്യമപ്രവർത്തകർ ചോദ്യങ്ങളുമായി ഒപ്പം കൂടുകയായിരുന്നു. ചോദ്യങ്ങൾക്ക് നടന്നുകൊണ്ട് മറുപടി നൽകുന്നതിനിടെയാണ് പോയിന്റ് ബ്ലാങ്കിൽനിന്ന് അക്രമികൾ ആതിഖിന്റെ ശിരസിൽ വെടിവച്ചത്. പിന്നാലെ അഷ്റഫിനും വെടിയേറ്റു.