കതിരൂർ പാട്യം നഗറിലെ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലശം വരവിൽ പി ജയരാജന്റെ ചിത്രം ഉൾപ്പെടുത്തിയത് വിവാദമാകുന്നു.എന്നാൽ വിശ്വാസം രാഷ്ട്രീയവൽക്കരിക്കപ്പെടുന്നതിനോട് യോജിപ്പില്ലെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പ്രതികരിച്ചു.
താലപ്പൊലി ഘോഷയാത്രക്കിടെ പാട്യം നഗറിലെ അനുഭാവികളാണ് കലശം വരവിനിടെ പി ജയരാജന്റെ ചിത്രം കൂടി ഉൾപ്പെടുത്തിയത്.നേരത്തെ, വ്യക്തി ആരാധനാ വിവാദത്തിൽ പാർട്ടിയിൽ വലിയ പ്രതിസന്ധിനേരിട്ട വ്യക്തിയാണ് പി ജയചന്ദ്രൻ. അതിന് പിന്നാലെ താക്കീതും മറ്റ് നടപടികളുമൊക്കെ ഉണ്ടാവുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് നിലവിലെ വിവാദം. സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ വിഷയത്തിൽ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസവും രാഷ്ട്രീയവും കൂട്ടിക്കലർത്തേണ്ടതില്ല എന്ന് അദ്ദേഹം പറയുന്നു. പേരെടുത്ത് പറയുന്നില്ലെങ്കിൽ കൂടിയും ഇക്കാര്യത്തിൽ നേതാക്കളുടെ ചിത്രങ്ങളൊക്കെ വരുന്നത് ഉചിതമല്ലെന്നും എം.വി ജയരാജൻ വിശദീകരിച്ചു.