കൊച്ചി: കൊച്ചിയില്‍ പെയ്ത ആദ്യ മഴയില്‍ അമ്ല സാന്നിധ്യമെന്ന് ശാസ്ത്ര വിദഗ്ധർ. ആദ്യം പെയ്ത മഴത്തുള്ളികളില്‍ ആസിഡിന്റെ നേരിയ സാന്നിധ്യമുണ്ടെന്ന് ശാസ്ത്ര വിദഗ്ദന്‍ രാജഗോപാല്‍ കമ്മത്ത് വ്യക്തമാക്കി. മഴ പെയ്തപ്പോഴുണ്ടായ വെളുത്ത പത രാസസാന്നിധ്യത്തിന്റെ തെളിവാണ്.
എന്നാൽ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണമെങ്കില്‍ ലിറ്റ്മസ് ടെസ്റ്റ് ഉള്‍പ്പടേയുള്ള പരീക്ഷണങ്ങള്‍ നടത്തണമെന്ന് വ്യക്തമാക്കിയ അദ്ദേഹം ലിറ്റ്മസ് ടെസ്റ്റ് നടത്തിയതിന്റെ ചിത്രങ്ങളും പുറത്ത് വിട്ടു. നിലവില്‍ ആശങ്കപ്പെടേണ്ടതായിട്ടുള്ള യാതൊരു സാഹചര്യവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കൊച്ചിയില്‍ പെയ്തത് അമ്ലമഴയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മലിനീകരണ നിയന്ത്രണ ബോര്‍ഡ് രംഗത്ത് വന്നു. മഴത്തുള്ളികളുടെ പരിശോധന നടത്തുമെന്ന് ബോര്‍ഡ് പ്രസിഡന്റ് പ്രദീപ് കുമാര്‍ അറിയിച്ചു. വേനൽമഴയുടെ സാഹചര്യത്തിൽ ആസിഡ് മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് പരിസ്ഥിതി ഗവേഷകർ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.