ശോഭാ സുരേന്ദ്രന് കഴക്കൂട്ടം സീറ്റ് വിട്ടുകൊടുക്കാന്‍ ബിജെപി ഔദ്യോഗിക വിഭാഗത്തിന് കടുത്ത എതിര്‍പ്പ്. ശോഭയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറയുന്നു. കൃഷ്ണദാസ് പക്ഷം പക്ഷേ ശോഭാ സുരേന്ദ്രനൊപ്പമാണ്. വി. മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം വീണ്ടും കഴക്കൂട്ടത്ത് പരിഗണിക്കുന്നുണ്ട്.
കഴക്കൂട്ടത്ത് മത്സരിക്കാന്‍ താന്‍ സന്നദ്ധയാണെന്ന് ശോഭാ സുരേന്ദ്രന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എതിര്‍പ്പ് കൂടുതല്‍ രൂക്ഷമാകുന്നത്. കഴക്കൂട്ടം ശോഭാ സുരേന്ദ്രന് വിട്ടുകൊടുത്താല്‍ അത് വി. മുരളീധര പക്ഷത്തിനും കെ. സുരേന്ദ്രനും വലിയ തിരിച്ചടിയായിരിക്കും.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്ന ശോഭ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ മൂലമാണ് കഴക്കൂട്ടത്ത് മത്സരിക്കാന്‍ ഒരുങ്ങുന്നത്. ശോഭാ സുരേന്ദ്രന്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന കെ.സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് എപ്ലസ് മണ്ഡലമായ കഴക്കൂട്ടത്തിന് മേല്‍ അവകാശവാദമുന്നയിച്ച് ശോഭ രംഗത്തെത്തിയത്.
ദേവസ്വം മന്ത്രിക്കെതിരായ മത്സരം മുഴുവന്‍ ശബരിമല വിശ്വാസികള്‍ക്കുമായുള്ള പോരാട്ടം കൂടിയാണെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ഒരുപാട് പേര്‍ തന്നോട് ആവശ്യപ്പെട്ടിരുന്നതായും ശോഭാ സുരേന്ദ്രന്‍ അവകാശപ്പെട്ടു. താന്‍ മത്സരിക്കുന്ന മണ്ഡലം കഴക്കൂട്ടമാണെന്ന് കെ.സുരേന്ദ്രന്‍ പറയേണ്ട കാര്യമില്ല. അവിടെ മത്സരിക്കാന്‍ ദേശീയ നേതൃത്വം ഇങ്ങോട്ട് ആവശ്യപ്പെട്ടതാണെന്നും ശോഭാ സുരേന്ദ്രന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.