തോമസ് ഐസക്കിന്റെ സംസ്ഥാന ബജറ്റില്‍ മഹാകവി അക്കിത്തത്തെ അവഗണിച്ചെന്നും അക്കിത്തത്തിന് സ്മാരകം നിര്‍മിക്കാന്‍ ബജറ്റില്‍ പണം നീക്കിവയ്ക്കാത്തത് നന്ദികേടാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന്റെ ആരോപണം.
അക്കിത്തത്തിന്റെ ആര്‍എസ്എസ് അനുകൂല നിലപാട് മൂലമാണ് അദ്ദേഹത്തെ അവഗണിച്ചതെന്നാണ് എംടി രമേശിന്റെ പ്രസ്താവന. ഫേസ്ബുക്കിലൂടെയാണ് എം ടി രമേശ് നിലപാടറിയിച്ചത്. സംസ്ഥാന ബജറ്റില്‍ ജ്ഞാനപീഠ പുരസ്‌കാര ജേതാവ് മഹാകവി അക്കിത്തത്തിന് സ്മാരകം നിര്‍മിക്കാന്‍ പണം വകയിരുത്തിയിരുന്നില്ല. സ്ഥലം എംഎല്‍എ വി ടി ബല്‍റാം ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അവഗണിച്ചതായാണ് ആക്ഷേപം.
എഴുത്തുകാരനും രാഷ്ട്രീയ നേതാവുമായ എം പി വീരേന്ദ്ര കുമാര്‍, കവയിത്രി സുഗത കുമാരി എന്നിവര്‍ക്കുള്ള സ്മാരകത്തിന് ബജറ്റില്‍ പണം വകയിരുത്തിയെങ്കിലും അക്കിത്തത്തെ മറന്നതില്‍ വ്യാപക അമര്‍ഷമുയര്‍ന്നിട്ടുണ്ട്. 2020 ഒക്ടോബര്‍ 15നാണ് അക്കിത്തം അന്തരിച്ചത്.