തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സുരക്ഷ കൂട്ടാന്‍ പൊലീസ് തീരുമാനം. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയുടെ നിര്‍ദേശപ്രകാരമാണ് സുരക്ഷ വര്‍ധിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് എ.ഡി.ജി.പി നിര്‍ദേശം നല്‍കി. എസ്.എഫ്.ഐ പ്രതിഷേധം കണക്കിലെടുത്താണ് സുരക്ഷ കൂട്ടാന്‍ തീരുമാനമായത്.
ഗവര്‍ണര്‍ക്കെതിരായ എസ്.എഫ്.ഐ പ്രതിഷേധക്കേസില്‍ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ച കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എസ്.എഫ്.ഐ പ്രതിഷേധം നടന്ന രാത്രിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പോയത് ഔദ്യോഗിക കൃത്യനിര്‍വഹണത്തിനെന്ന കാര്യം പൊലീസോ പ്രോസിക്യൂഷനോ അറിയിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം.
ഗവര്‍ണറുടെ ഔദ്യോഗിക കൃത്യനിര്‍വഹണം പ്രതികള്‍ തടസ്സപ്പെടുത്തിയെങ്കില്‍ ഐ.പി.സി 124-ആം വകുപ്പ് നിലനില്‍ക്കുമെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു.

