വൈക്കം തലയാഴത്ത് അയൽവാസി വെടിവെച്ചു വീഴ്ത്തിയ പൂച്ച ചത്തു.പ്രാവിനെ ആക്രമിച്ചെന്ന് ആരോപിചാണ് അയൽവാസിയുടെ വളർത്തു പൂച്ചയെ വെടിവെച്ചത്. ഞായറാഴ്ചയാണ് പൂച്ചയ്ക്ക് വെടിയേറ്റത്. വെടിയേറ്റ് പൂച്ചയുടെ കരളിൽ മുറിവും കുടലിനു ക്ഷതവുമേറ്റിരുന്നു. ഇന്നലെ രാത്രിയാണ് പൂച്ച ചത്തത്. സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.
തലയാഴം പി കെ രാജന്‍ എന്നയാളുടെ പൂച്ചയാണ് ചത്തത്. അയൽവാസിയായ രാഹുല്‍ നിവാസില്‍ രമേശനാണ് എയർഗൺ ഉപയോഗിച്ച് പൂച്ചയെ വെടിവെച്ചത്. പൂച്ചയെ കോടിമതയിലെ മൃഗാശുപത്രിയില്‍ ചികിത്സക്ക് വിധേയമാക്കിയെങ്കിലും ചത്തു. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ബന്ധുവീട്ടില്‍ പോയി മടങ്ങിയെത്തുമ്പോള്‍ പൂച്ച വീടിന് മുന്നിലുണ്ടായിരുന്നു. അല്‍പ്പസമയത്തിനകം വെടിയൊച്ച കേട്ടെന്നും പിന്നെ നോക്കുമ്പോള്‍ പൂച്ച കിടക്കുന്നതുമാണ് കണ്ടതെന്ന് രാജന്റെ വീട്ടുകാർ പറഞ്ഞു. ഈ സമയം രമേശനെ തോക്കുമായി വീടിന് സമീപം നില്‍ക്കുന്നത് കണ്ടതായും രാജന്റെ കുടുംബം പറയുന്നു.അയല്‍വീട്ടില്‍ നിന്ന് പടക്കം പൊട്ടുന്ന ശബ്ദവും പൂച്ചയുടെ നിലവിളിയും കേട്ടു. എയര്‍ഗണ്‍ ഉപയോഗിച്ചാണ് പൂച്ചക്ക് നേരെ വെടിയുതിര്‍ത്തതെന്നും ഇയാള്‍ പരാതിയില്‍ പറയുന്നു.