തിരുവനന്തപുരം: കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച നാടക അഭിനേതാക്കളുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ക്ഷേമനിധി ബോര്‍ഡ് 25,000 രൂപ വീതം മരിച്ചവരുടെ കുടുംബത്തിന് കൈമാറുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചെലവുകള്‍ സാംസ്‌കാരിക വകുപ്പ് ഏറ്റെടുക്കും.
കേളകത്ത് നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ടുപേരാണ് മരിച്ചത്. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജെസി മോഹന്‍ എന്നിവരാണ് മരിച്ചത്. 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്.