വയനാട്ടില്‍ ആദിവാസി യുവാവിനെ മോഷണത്തിന്റെ പേരിൽ കളളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു.
കാര്‍ മോഷ്ട്ടിച്ചു എന്ന പേരില്‍ അപ്പാട് അത്തിക്കുനി കോളനിയിലെ ദീപുവിനെയാണ് സുല്‍ത്താന്‍ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഡ്രൈവിങ് അറിയാത്ത ദീപുവിനെ കളളക്കേസില്‍ കുടുക്കിയാണ് അറസ്റ്റ് ചെയ്തതെന്നാണ് സമരക്കാര്‍ ഉയര്‍ത്തുന്ന ആരോപണം. സംഭവത്തില്‍ യുവാവിനെ വിട്ടയക്കണമെന്നആവശ്യമുന്നയിച്ച് കൊണ്ട് ആദിവാസി വനിതാ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റിനു മുമ്പില്‍ സത്യാഗ്രഹസമരമാരംഭിച്ചു.ദീപുവിന്റെ ഭാര്യയും മക്കളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
സംഭവത്തില്‍ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് എഐവൈഎഫ് ജില്ലാ കമ്മിറ്റിയും അറിയിച്ചു.
മീനങ്ങാടി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ചില കേസുകളിലും ദീപു വിനെ പ്രതിയാക്കിയിട്ടുണ്ടെന്ന് എഐവൈഎഫ് ആരോപിച്ചു. സമരത്തിനായൊരുങ്ങിയ ദീപുവിന്റെ വീട്ടുകാരെ പൊലിസ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും സമരക്കാര്‍ ആരോപിക്കുന്നുണ്ട്.
ആഭ്യന്തര വകുപ്പിനെതിരെയും രൂക്ഷ വിമര്‍ശനമാണ് എഐവൈഎഫ് ഉന്നയിച്ചത്. മാനന്തവാടി ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയുന്ന ദീപുവിനെതിരായ കേസ് പിന്‍വലിച്ച് വകുപ്പ് തല അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.