കുന്ദമംഗലം : കരൾരോഗത്തിന് ചികിത്സയിൽ കഴിയുന്ന നടൻ വിജയൻ കാരന്തൂരിനായി കുന്ദമംഗലം മസ്ജിദുൽ ഇഹ്‌സാൻ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ജുമാ നമസ്കാര ശേഷം ധനസമാഹരണം നടന്നു. ദിവസങ്ങൾക്ക് മുമ്പ് വിഷയം പള്ളിക്കമ്മിറ്റി ചർച്ച ചെയ്യുകയും വെള്ളിയാഴ്ച സഹായത്തിനായി തുക പിരിവിടാനും തീരുമാനമാനമെടുത്തിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തോളമായി കരൾ രോഗം മൂലം ചികിത്സയിൽ കഴിയുന്ന വിജയൻ കാരന്തൂർ ഒട്ടേറെ ശ്രദ്ധേയമായ സിനിമകളിലൂടെ പ്രേക്ഷക പ്രീതി നേടിയ നടനാണ്. മൂന്ന് മാസങ്ങൾക്ക് മുമ്പ് രണ്ടാമതും കോവിഡ് വന്നതിന് ശേഷമാണ് രോഗാവസ്ഥ മൂർച്ഛിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് തന്റെ രോഗാവസ്ഥയെക്കുറിച്ച് വിജയൻ കാരന്തൂർ ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ഇദ്ദേഹത്തിന്റെ ചികിത്സ സഹായത്തിനായി അഡ്വ. പി.ടി.എ റഹീം എം.എൽ.എ ചെയർമാനായി നാട്ടുകാർ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഒരു പള്ളി കമ്മിറ്റി ഈ വിഷയത്തിൽ ഇടപെടുന്നത്. മസ്ജിദുൽ ഇഹ്‌സാൻ മഹല്ല് പ്രസിഡന്റ് എം. സിബ്ഗത്തുള്ള, സെക്രട്ടറി പി.എം. ശരീഫുദ്ധീൻ, ട്രഷറർ പി.പി. മുഹമ്മദ്, എൻ. റഷീദ്, എൻ. അലി, ഹനീഫ മാട്ടുമ്മൽ, അലി ആനപ്പാറ, സുലൈമാൻ തുടങ്ങിയവർ നേതൃത്വം നൽകി.
മരം എന്ന ചിത്രത്തിലൂടെയാണ് വിജയൻ കാരന്തൂർ സിനിമയിലെത്തുന്നത്. വേഷം, ചന്ദ്രോത്സവം, വാസ്തവം, നസ്രാണി, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, പരുന്ത്, സാൾട്ട് ആൻ്‍ഡ് പെപ്പർ, ഇയ്യോബിന്റെ പുസ്തകം, തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകൾ. നിരവധി നാടകങ്ങളിലും പ്രവർത്തിച്ച അദ്ദേഹം നടനെന്നതിലുപരി വിവിധ മേഖലകളിൽ അനുഭവസമ്പത്തുള്ള കലാകാരൻ കൂടിയാണ്.