പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതി നടന്നുവെന്ന ലോകായുക്തയുടെ നോട്ടീസിൽ വിശദീകരണവുമായി മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ.1,500 രൂപ നിരക്കിൽ പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവോടെയെന്ന് കെ.കെ ശൈലജ പറഞ്ഞു. അൻപതിനായിരം പി പി ഇ കിറ്റ് വാങ്ങാനായിരുന്നു സർക്കാർ തീരുമാനം . 15,000 വാങ്ങിയപ്പോഴേക്കും വിപണിയിൽ കിറ്റ് വില കുറഞ്ഞ് ലഭ്യമായി തുടങ്ങിയെന്നും കെ.കെ ശൈലജ കുവൈത്തിൽ പറഞ്ഞു. കല കുവൈത്തിന്റെ ”മാനവീയം 2022”പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെകെ ശൈലജ.വില കൂടുതലായതിനാൽ മുഖ്യമന്ത്രിയോട് പിപിഇ കിറ്റ് വാങ്ങണോയെന്ന് ചോദിച്ചതായും പൈസയൊന്നും നോക്കണ്ട ആളുകളുടെ ജീവനല്ലേ വലുത് എന്നായിരുന്നു മറുപടിയെന്നും കെകെ ശൈലജ പറയുന്നു.കോവിഡിന്റെ തുടക്ക കാലത്ത് പിപിഇ കിറ്റ് ഉൾപ്പെടെയുള്ള പ്രതിരോധ സാമഗ്രികൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ആരോപണത്തിലാണ് മുൻമന്ത്രി കെ.കെ ശൈലജ ഉൾപ്പെടെയുള്ളവർക്കെതിരായ അന്വേഷണം. 450 രൂപ വിലയുള്ള പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയതിൽ കോടികളുടെ അഴിമതിയുണ്ടെന്നാണ് ആരോപണം.