ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസ് മാനസിക വളര്‍ച്ചയില്ലാത്തവരുടെ പാര്‍ട്ടിയാണെന്ന് പറഞ്ഞുകൊണ്ടുള്ള നടി ഖുശ്ബുവിന്റെ പ്രസ്താവന വിവാദമായിരുന്നു.ഇതിന് പിന്നാലെ ക്ഷമാപണവുമായി ഖുശ്ബു രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള പ്രയോഗം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയുകയുമാണെന്നായിരുന്നു ഖുശ്ബു പറഞ്ഞത്.
മാനസികമായി വെല്ലുവിളികള്‍ നേരിടുന്നവരെ അപമാനിക്കുന്ന പ്രസ്താവനയാണ് ഖുശ്ബു നടത്തിയതെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടിലെ ഭിന്നശേഷിക്കാരുടെ സംഘടനകള്‍ രംഗത്തെത്തുകയും പ്രസ്താവനക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
പ്രസ്താവനക്കെതിരെ 50 ഓളം പൊലീസ് സ്റ്റേഷനുകളില്‍ പരാതി ലഭിച്ചതിന് പിന്നാലെയാണ് ക്ഷമ ചോദിച്ചുകൊണ്ട് കുശ്ബു രംഗത്തെത്തിയത്.
എന്നാല്‍ ഖുശ്ബുവിന്റെ മാപ്പപേക്ഷ തങ്ങള്‍ സ്വീകരില്ലെന്നാണ് തമിഴ്‌നാട്ടിലെ അസോസിയേഷന്‍ ഫോര്‍ റൈറ്റ്‌സ് ഓഫ് ഡിഫറന്റ്‌ലി ഏബിള്‍ഡ് ആന്റ് കെയര്‍ഗിവേഴ്സ് വ്യക്തമാക്കിയത്.
പ്രസ്താവനക്കെതിരെ തമിഴ്നാട്ടിലെ അമ്പതിലധികം പൊലീസ് സ്റ്റേഷനുകളില്‍ അസോസിയേഷന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ്. നമ്പുറാജന്‍ പറഞ്ഞു.
‘അവര്‍ ഒരു നിയമം ലംഘിച്ചു, അവര്‍ക്കെതിരെ നടപടിയെടുക്കേണ്ടതുണ്ട്. അതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ കഴിയില്ല. 2016 ലെ ആര്‍.പി.ഡി ആക്റ്റ് പ്രകാരം അവര്‍ക്കെതിരെ കേസെടുക്കേണ്ടതുണ്ട്.,’എന്ന് നമ്പുറാജന്‍ പറഞ്ഞു.
മാപ്പ് പറഞ്ഞതുമൂലം അവരോടുള്ള ദേഷ്യം ചിലര്‍ക്ക് കുറഞ്ഞിരിക്കാം. എന്നാല്‍ ആറുമാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അവര്‍ ചെയ്തിരിക്കുന്നത്. നിയമലംഘനം നടത്തിയെന്ന വസ്തുത അവഗണിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഖുശ്ബു മാപ്പ് പറഞ്ഞതിനെ അംഗീകരിക്കുന്നതായി ചില അവകാശ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.
വാക്കുകള്‍ തെറ്റായി ഉപയോഗിച്ചതില്‍ ക്ഷമാപണം നടത്തുന്നുവെന്ന് ഖുശ്ബു പറഞ്ഞു. അത് അംഗീകരിക്കുന്നു. മുന്‍കാലങ്ങളിലെ പല നേതാക്കളും സമാനമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഞാന്‍ അടക്കമുള്ള പലര്‍ക്കും അന്ന് വേദന തോന്നിയിരുന്നു.
എന്ത് കാരണത്തിന്റെ പുറത്താണെങ്കിലും ഇത്തരം പ്രസ്താവനകള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നായിരുന്നു ‘ഡിസംബര്‍ 3 മൂവ്‌മെന്റ് സ്ഥാപകന്‍ ദീപക് പറഞ്ഞത്.
കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച് ബി.ജെ.പിയില്‍ അംഗത്വം നേടിയതിനു പിന്നാലെയായിരുന്നു ഖുശ്ബുവിന്റെ പ്രസ്താവന. ചെന്നൈ എയര്‍പോര്‍ട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് കോണ്‍ഗ്രസിനെതിരെ ഖുശ്ബു തുറന്നടിച്ചത്.
‘ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോട് വിധേയപ്പെട്ടു നിന്നവളാണ്. പക്ഷേ പാര്‍ട്ടി എനിക്ക് അര്‍ഹിക്കുന്ന ബഹുമാനം തന്നില്ല. കഴിവുള്ള സ്ത്രീകളെ അംഗീകരിക്കാന്‍ പാര്‍ട്ടി തയ്യാറല്ല. എന്നെ ഒരു നടിയായി മാത്രമേ കണ്ടിട്ടുള്ളു എന്നവര്‍ പറയുന്നതില്‍ നിന്ന് തന്നെ വ്യക്തമാണ്, എന്താണ് പാര്‍ട്ടി നേതാക്കളുടെ ചിന്താഗതിയെന്ന്. മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കഴിവും ബുദ്ധിയുമുള്ള സ്ത്രീകളെ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് കഴിഞ്ഞിട്ടില്ല’, എന്നായിരുന്നു ഖുശ്ബുവിന്റെ പ്രസ്താവന .