ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ച് കഴിഞ്ഞ ദിവസം തിഹാര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തിനകം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം, ഇനി എന്തുവേണമെന്ന് രാജ്യത്തെ ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
അഞ്ചര മാസത്തിനുശേഷമാണ് കെജ്‌രിവാള്‍ ജയില്‍ മോചിതനായത്. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 21നാണ് അദ്ദേഹത്തെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ജാമ്യം നേടി പുറത്തുവരാനിരിക്കെ ജൂണ്‍ 26ന്, സി.ബി.ഐ തിഹാര്‍ ജയിലിലെത്തി അഴിമതിക്കേസിലും അറസ്റ്റ് ചെയ്തു.