മലപ്പുറം: കൊളത്തൂർ വെങ്ങാട് വീട്ടുകാർ പുറത്ത് പോയസമയത്ത് വീടിന്റെ വാതിൽ തകർത്ത് 45 പവനും 30000 രൂപയും 15000 രൂപയുടെ മൂന്ന് വിലകൂടിയ വാച്ചുകളും യുഎഇ ദിർഹവും മോഷ്ടിച്ച കേസിൽ അന്തർസംസ്ഥാന കവർച്ചാസംഘത്തിലെ മൂന്നു പേർ അറസ്റ്റിൽ. മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ൻറെ നേതൃത്വത്തിൽ ഡിവൈഎസ് പി എം.സന്തോഷ് കുമാർ , കൊളത്തൂർ സി.ഐ.സുനിൽ പുളിക്കൽ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിരവധി കവർച്ചാ കേസുകളിലെ പ്രതികളായ തിരുവനന്തപുരം വട്ടിയൂർകാവ് സ്വദേശിയും പഴയവിളാത്തിൽ രാജേഷ് എന്ന കൊപ്ര ബിജു(41), കൊല്ലം കടക്കൽ സ്വദേശി പ്രിയാസധനത്തിൽ പ്രവീൺ (40), ആലുവ സ്വദേശി ആലുവ നൊച്ചിയ സ്വദേശി കുറ്റിനാംകുടി സലീം എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ നാലിന് പുലർച്ചെയാണ് കൊളത്തൂർ വെങ്ങാട് ഇല്ലിക്കോട് പാലത്തിനടുത്ത് റോഡരികിലുള്ള വടക്കേക്കര വീടിൻറെ മുൻവാതിലിൻറെ പൂട്ട് തകർത്ത് മോഷണം നടന്നത്. മൂന്നാംതീയ്യതി വൈകിട്ട് ബന്ധുവീട്ടിൽ പോയി നാലിന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. വരമറിഞ്ഞ കൊളത്തൂർ പോലീസ് കേസിൻറെ ഗൗരവം കണക്കിലെടുത്ത് ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ൻറെ നിർദ്ദേശപ്രകാരം സി.ഐ.സുനിൽ പുളിക്കൽ, ജില്ലാ ആൻറി നർക്കോട്ടിക് സ്ക്വാഡ് എന്നിവരെയുൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ച് സംഭവസ്ഥലത്തും പരിസരങ്ങളിലും അന്വേഷണം നടത്തിയതിൽ വ്യാജ നമ്പർ പ്ലേറ്റ് വച്ച് ബൊലേറോ പിക്കപ്പിലും കാറുകളിലും സംസ്ഥാനത്തുടനീളം മാരകായുധങ്ങളുമായി കറങ്ങിനടന്ന് ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന രീതിയാണ് എന്ന് കണ്ടെത്തി.
തുടർന്ന് പ്രതികൾക്ക് വേണ്ടി തിരുവനന്തപുരം,കണ്ണൂർ ,ആലുവ ഭാഗങ്ങളിൽ അന്വേഷണം നടത്തിയതിൽ സലീമിനെ ആലുവ ടൗണിൽ നിന്നും രാത്രിയിൽ ബിജുവിനെ പെരിങ്ങാലയിലെ വാടക ഫ്ലാറ്റിൽ നിന്നും പ്രവീണിനെ ഷൊർണ്ണൂരിൽ ഒളിച്ചുതാമസിക്കുന്ന വാടക വീട്ടിൽ നിന്നും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതികളെ കൊളത്തൂരെത്തിച്ച് കൂടുതൽ ചോദ്യം ചെയ്തതിലാണ് അങ്കമാലി,കൊളത്തൂർ ,പെരിന്തൽമണ്ണ ,കൊപ്പം,തിരുവനന്തപുരം എന്നിവിടങ്ങളിൽ ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ മോഷണങ്ങളുടെ ചുരുളഴിഞ്ഞത്. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കും.