വെളളപ്പൊക്കത്തിനു ശേഷം എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുവാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജയശ്രീ അറിയിച്ചു. മലിനജലത്തിൽ ഇറങ്ങി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായവരും മീൻ പിടിക്കാനും മറ്റാവശ്യങ്ങൾക്കുമായി വെള്ളത്തിലിറങ്ങിയവരും ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെട്ടവരും നിർബന്ധമായും ഡോക്സി സൈക്ലിൻ ഗുളിക 200 മി.ഗ്രാം (100 മി.ഗ്രാംxരണ്ടു ഗുളിക ) ആഴ്ചയിലൊരിക്കൽ കഴിക്കേണ്ടതാണ്.
ശുചീകരണ പ്രവർത്തനങ്ങളിൽ തുടർന്നും ഏർപ്പെടുന്നവർ ഒരാഴ്ചക്കു ശേഷം വീണ്ടും ഗുളിക കഴിക്കേണ്ടതാണ്.പാടങ്ങളിൽ പണിക്കിറങ്ങുന്നവരും കന്നുകാലി വളർത്തലിൽ ഏർപ്പെട്ടവരും വൃത്തിഹീനമായ സാഹചര്യങ്ങളിൽ തൊഴിൽ ചെയ്യുന്നവരും നിർബന്ധമായും ഗുളിക കഴിക്കേണ്ടതാണ്. ശരീരത്തിൽ മുറിവുകളുള്ളവർ മലിനജലസമ്പർക്കം ഒഴിവാക്കേണ്ടതാണ്. അല്ലെങ്കിൽ, കൈയ്യുറ, കാലുറ തുടങ്ങിയ വ്യക്തി സുരക്ഷാമാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതാണ്. പനി, കണ്ണിനു ചുവപ്പ്,പേശീ വേദന എന്നീ ലക്ഷണങ്ങൾ ഉള്ളവർ ഉടനടി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടേണ്ടതാണ്.ഒരു കാരണവശാലും സ്വയം ചികിത്സ നടത്തരുത്.