സംസ്ഥാനത്ത് മങ്കിപോക്‌സ് കൈകാര്യം ചെയ്യുന്നതില്‍ കൊല്ലം ഡി.എം.ഒ. ഓഫീസിന് ഗുരുതര വീഴ്ച.രോഗിയുടെ പേരില്‍ ആദ്യം പുറത്തുവിട്ട റൂട്ട് മാപ്പില്‍ പിശക് സംഭവിച്ചു.രോഗലക്ഷണങ്ങളോടെ എത്തിയ വ്യക്തി ആദ്യം ചികിത്സ തേടിയത് സ്വകാര്യ ആശുപത്രിയിലാണ്. സ്വകാര്യ ആശുപത്രി രോഗിയെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് അയച്ചെന്ന ആദ്യ അറിയിപ്പ് തെറ്റാണ്. രോഗി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോയത് സ്വയം ടാക്സി വിളിച്ചാണെന്നുള്ള വിവരവും പുറത്തുവന്നു. രോഗിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള രണ്ടു പേരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
യു.എ.ഇ.യില്‍നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. 12-ന് യു.എ.ഇ.യില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മുപ്പത്തിയഞ്ചുകാരനെ ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ച സാംപിള്‍ പോസിറ്റീവാണെന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് സ്ഥിരീകരണം ലഭിച്ചത്.അബുദാബിയിൽ മങ്കിപോക്സ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കമുണ്ടായ യുവാവ് ചെറിയ ലക്ഷണങ്ങളുള്ളപ്പോഴാണ് നാട്ടിലേക്കു മടങ്ങിയത്. മാതാപിതാക്കളും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇവർക്കു രോഗലക്ഷണമില്ല. വിമാനത്തില്‍ 164 യാത്രക്കാരും 6 കാബിന്‍ ക്രൂബുമാണ് ഉണ്ടായിരുന്നത്. അതില്‍ ഇദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റുകളിലിരുന്ന 11 പേര്‍ ഹൈ റിസ്‌ക് കോണ്ടാക്ട് പട്ടികയിലുള്ളവരാണ്. ഈ വിമാനത്തില്‍ യാത്ര ചെയ്തവര്‍ സ്വയം നിരീക്ഷണം നടത്തുകയും 21 ദിവസത്തിനകം എന്തെങ്കിലും രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും വേണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. പലരുടേയും ഫോണ്‍ നമ്പര്‍ ലഭ്യമല്ലാത്തതിനാല്‍ പോലീസിന്‍റെ സഹായത്തോടു കൂടി ഇവരെ ബന്ധപ്പെട്ടു വരികയാണെന്നും മന്ത്രി പറഞ്ഞു.