കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന ആരോഗ്യ വളണ്ടിയര്‍മാരെ കണ്ടെത്തി പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. ഗവ. ജനറല്‍ ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ കൊറോണ മരണ നിരക്ക് 0.39 % മാത്രമാണ്. ലോക രാജ്യങ്ങളെ അപേക്ഷിച്ച് മരണ നിരക്ക് വളരെ കുറവാണെന്നതില്‍ നമുക്ക് ആശ്വസിക്കാം. ഫീല്‍ഡ് വര്‍ക്ക് ശക്തമാക്കിയതിനെ തുടര്‍ന്നാണ് നിരക്ക് കുറഞ്ഞത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ പ്രവര്‍ത്തകര്‍ അങ്ങേയറ്റം പരിശ്രമിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിച്ച് ധൈര്യപൂര്‍വ്വം ഈ സാഹചര്യത്തെ നേരിടാന്‍ നാം സജജരാകണമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വരെ ചര്‍ച്ച ചെയ്യുന്നുണ്ട്. കോവിഡ് പോസിറ്റീവ് ആവുന്നതിനെക്കുറിച്ച് ഭയപ്പെടേണ്ടതില്ല, മറിച്ച് മരണം സംഭവിക്കാതെ നോക്കുക എന്നതാണ് പ്രധാനം. അതിനായുള്ള കരുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും ശക്തമായി ഉണ്ടാവണമെന്നും മന്ത്രി ഓര്‍മപ്പെടുത്തി.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 92. 4 കോടി രൂപയുടെ നാഷണല്‍ ഹെല്‍ത്ത് മിഷന് ഫണ്ട് ഉപയോഗിച്ച് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന 20 ബെഡ്ഡുകളുള്ള മെഡിക്കല്‍ ഐസിയു, പക്ഷാഘാതം വരുന്നവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിക്കുന്ന സ്ട്രോക്ക് യൂണിറ്റ് എന്നിവ അടുത്ത് തന്നെ പണി പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനമാരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
ആര്‍ദ്രം മിഷന്റെ ഭാഗമായി തനത് ഫണ്ട് ഉപയോഗിച്ച് പണി പൂര്‍ത്തീകരിച്ച കാര്‍ഡിയോളജി ഐസിയു ആന്റ് കാര്‍ഡിയോളജി ഒ പി, 14.5 ലക്ഷം രൂപ വീതം വിനിയോഗിച്ച് നിര്‍മിച്ച പള്‍മനോളജി വിഭാഗം ( ബ്രോങ്കോസ്കോപ്പ് ), ഓര്‍ത്തോ വിഭാഗം ( സി-എ ആര് എം) , ഡ്രില്ലര്‍ എന്നിവയുടെ ഉദ്ഘാടനവും പോര്‍ട്ടബിള്‍ എക്സ് റേ ഉപകരണങ്ങളുടെ സ്വിച്ചോണ്‍ കര്‍മവും മന്ത്രി നിര്‍വഹിച്ചു.
എ.പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ സാംബശിവറാവു മുഖ്യാതിഥിയായിരുന്നു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ.നവീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി , വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ.തോമസ് മാത്യു, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സച്ചിന് ബാബു, സൂപ്രണ്ട് ഡോ.വി.ഉമ്മര്‍ ഫാറൂഖ് തുടങ്ങിയവര്‍ പങ്കെടുത്തു.