ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ പേരുവിവരങ്ങള്‍ ചോര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ കൊവിഡ് ബാധിച്ചവരുടെ പട്ടികയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലൂടെ ഔദ്യോഗികമായി പുറത്തു വിടുന്നതിനു മുന്‍പാണ് പട്ടിക ചോര്‍ന്നതെന്നാണ് ശ്രദ്ധേയം.
രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കേണ്ട രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്ന വിവരം സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 51 കൊവിഡ് രോഗികളുടെ ഫോണ്‍ നമ്പറും വിലാസവും അടക്കമുള്ള വിവരങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. വ്യക്തിവിവരങ്ങള്‍ ചോര്‍ന്നെന്ന വിവരം സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങളും ജില്ലയിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു.ആളുകളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, കൊവിഡ് പരിശോധന നടത്തിയ ആരോഗ്യകേന്ദ്രം, തദ്ദേശ സ്വയംഭരണകേന്ദ്രം എന്നിവ ഉള്‍പ്പെട്ട പട്ടികയാണ് ചോര്‍ന്നത്.

