കുറ്റിപ്പുറം: തൃക്കണാപുരം എംഇഎസ് എൻജിനീയറിങ് കോളജിൽ വിദ്യാർഥി സംഘർഷം. കോളജ് പ്രിൻസിപ്പലിന്റെ മുറിയിലേക്ക് തള്ളിക്കയറിയ മുപ്പതോളം വിദ്യാർഥികൾ ഓഫിസ് മുറി അടിച്ചു തകർത്തു. സംഭവത്തെ തുടർന്ന് ക്യാംപസിലെത്തിയ പൊലീസിനെയും വിദ്യാർഥികൾ ആക്രമിച്ചു.
ആക്രമണത്തിൽ കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ എസ്ഐ ഒ.പി.വിജയകുമാരന് പരുക്കേറ്റു. എസ്ഐയെ ആക്രമിച്ചു പരുക്കേൽപിച്ച സംഭവത്തിൽ 3 വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥികളായ മുഹമ്മദ് മിസാബ് (21), അർജുൻ രാജ് (20), മുഫ്‌ലിഹ് (21) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് കോളജ് ക്യാംപസിൽ വിവിധ വിഭാഗങ്ങളിലെ വിദ്യാർഥികൾ അഴിഞ്ഞാടിയത്. ഉച്ചയ്ക്ക് മുൻപായി കോളജിനു പുറത്ത് ആരംഭിച്ച സംഘർഷം ക്യാംപസിനുള്ളിലേക്ക് വ്യാപിക്കുകയായിരുന്നു. വിദ്യാർഥികൾ ചേരിതിരിഞ്ഞ് ആക്രമണം തുടങ്ങിയതോടെ പലർക്കും പരുക്കേറ്റു.
ഇതോടെ ഒരു വിഭാഗം വിദ്യാർഥികൾ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് തള്ളിക്കയറി. സംഘർഷത്തിൽ പരുക്കേറ്റ വിദ്യാർഥിയുമായി എത്തിയ സംഘം സെക്യൂരിറ്റി ജീവനക്കാരെയടക്കം തള്ളിമാറ്റിയ ശേഷമാണ് പ്രിൻസിപ്പലിന്റെ മുറിയിലെത്തിയത്.
പ്രിൻസിപ്പലുമായി സംസാരിക്കുന്നതിനിടെ വിദ്യാർഥികൾ ഓഫിസ് മുറിയിലെ ഫർണിച്ചറും കംപ്യൂട്ടർ കീബോർഡും അടിച്ചു തകർത്തു. പ്രിൻസിപ്പൽ ഐ.റഹ്മത്തുന്നിസയെ അസഭ്യം പറഞ്ഞാണ് വിദ്യാർഥികൾ ഓഫിസ് മുറിയിൽ അക്രമം നടത്തിയത്.
പ്രിൻസിപ്പലിന്റെ ഉച്ചഭക്ഷണ ബാഗ് അടക്കം നശിപ്പിച്ചു. സംഭവ സ്ഥലത്ത് പൊലീസ് എത്തിയെങ്കിലും വിദ്യാർഥികൾ പിൻമാറിയില്ല. ഇതിനിടെയാണ് എസ്ഐക്ക് പരുക്കേറ്റത്. ഓഫിസ് മുറി തകർത്ത സംഭവത്തിൽ പൊലീസിനും മാനേജ്മെന്റിനും പരാതി നൽകിയതായി പ്രിൻസിപ്പൽ പറഞ്ഞു.