കോഴിക്കോട്: പന്തീരങ്കാവില്‍ നവവധുവിന് മര്‍ദനമേറ്റ കേസന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. ഫറൂഖ് എസിപി സാജു കെ എബ്രഹാമാണ് അന്വേഷണ സംഘം തലവന്‍. ഏഴംഗ പ്രത്യേക അന്വേഷണ സംഘമാണ് രൂപീകരിച്ചത്. പന്തീരങ്കാവ് എസ്എച്ച്ഒ എഎസ് സരിന്‍ ഉള്‍പ്പടെ നേരത്തെ കേസ് അന്വേഷിച്ചവരെ കേസിന്റെ ചുമതലയില്‍ നിന്നും ഒഴിവാക്കി. ഫറൂഖ് എസിപിക്ക് അന്വേഷണച്ചുമതല നല്‍കാന്‍ നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു.
പൊലീസ് വീഴ്ചയിലും അന്വേഷണം പ്രഖ്യാപിച്ചു. എഡിജിപി എം ആര്‍ അജിത് കുമാര്‍ ആണ് പൊലീസ് വീഴ്ചയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. പൊലീസ് നടപടി വീഴ്ച അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആണ് നിര്‍ദേശം നല്‍കിയത്.