കോണ്‍ഗ്രസിന് ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നും വിശ്വാസം തിരിച്ചുപിടിക്കാന്‍ പദവി നോക്കാതെ നേതാക്കള്‍ എല്ലാവരും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങണമെന്നും രാഹുല്‍ ഗാന്ധി. ചിന്തന്‍ ശിബിരത്തിന്റെ അവസാന ദിവസം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേയാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
വിജയത്തിന് കുറുക്കവഴികളില്ല, വിയര്‍ത്തേ മതിയാകു. യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കും. മുതിര്‍ന്നവരെ മാറ്റനിര്‍ത്തില്ലെന്നും രാഹുല്‍ പറഞ്ഞു.
ബിജെപിക്കെതിരെയും രാഹുല്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ഭരണകൂട സ്ഥാപനങ്ങളെ ആസൂത്രിതമായി തകര്‍ക്കുന്നു. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല. കയ്യൂക്ക് കൊണ്ട് ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
ബിജെപിക്കും ആര്‍എസ്എസ്സിനുമെതിരായ പോരാട്ടമാണ് തന്റെ ജീവിതമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജീവിതത്തില്‍ അഴിമതി നടത്തിയിട്ടില്ലാത്തതിനാല്‍ ഭയമില്ലെന്നും സത്യത്തിനായുളള പോരാട്ടത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അടിത്തട്ടില്‍നിന്നു പാര്‍ട്ടിയുടെ ഘടനയില്‍ മാറ്റം വരുത്തിയെങ്കില്‍ മാത്രമേ ആര്‍എസ്എസ്സിനെതിരെയുള്ള പോരാട്ടത്തില്‍ വിജയിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കള്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. ഒക്ടോബറില്‍ ജന്‍ ജാഗരണ്‍ യാത്ര നടത്തും. യുവനിര നേതൃത്വം ഏറ്റെടുത്ത് പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകണം. ആര്‍എസ്എസിന്റെ വിഭജന രാഷ്ട്രീയത്തെ ചെറുക്കാന്‍ യുവാക്കള്‍ക്ക് കഴിയും. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.