ഉത്തരകൊറിയയില്‍ കൊറോണ വ്യാപനം അതിരൂക്ഷമെന്ന് റിപ്പോര്‍ട്ട്. ഇതുവരെ രാജ്യത്ത് കോവിഡ് 8,20,620 പേരിലേക്ക് പടര്‍ന്നതായാണ് റിപ്പോര്‍ട്ട്. കുറഞ്ഞത് 3,24,550 പേര്‍ ചികിത്സയിലുണ്ടെന്നും ഉത്തരകൊറിയയുടെ ഔദ്യോഗിക മാധ്യമമായ കെ.സി.എന്‍.എ. അറിയിച്ചു. ഒരു കൊറോണ വാഹകന്‍ മാത്രമേയുള്ളു എന്ന് ആവര്‍ത്തിച്ചിരുന്ന നാട്ടില്‍ ആകെ 42 പേര്‍ മരണപ്പെട്ടു എന്നാണ് പുറത്തുവരുന്ന വിവരം. ഇന്നലെ മാത്രം 15 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതേസമയം, രാജ്യത്തെ പുതിയ കേസുകളും മരണവും കോവിഡ് പോസിറ്റീവ് ആയവരുടേതാണോ അല്ലയോ എന്ന കാര്യം കെ.സി.എന്‍.എ. വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞയാഴ്ചയാണ് ദക്ഷിണ കൊറിയന്‍ മാദ്ധ്യമങ്ങള്‍ ഉത്തരകൊറിയയിലെ കൊറോണ വ്യാപനം പുറത്തുവിട്ടത്. എന്നാല്‍ ലക്ഷങ്ങളിലേയ്ക്ക് കൊറോണ പടര്‍ന്നിട്ടും ബാധിച്ചത് കൊറോണയാണെന്നോ മരണം എത്രയാണെന്നോ കൃത്യമായ വിവരം ഉത്തരകൊറിയ മറച്ചുവച്ചിരിക്കുകയാണ്. നാട് നേരിടുന്നത് ഏറ്റവും ഭീഷണായ അന്തരീക്ഷമാണെന്ന് പ്രസ്താവനയും ഉത്തര കൊറിയന്‍ ഭരണാധികാരി നടത്തിയിട്ടുണ്ട്.
രാജ്യത്ത് കോവിഡ് പൊട്ടിപ്പുറപ്പെട്ടത് വലിയ കോളിളക്കം സൃഷ്ടിച്ചുവെന്ന് പരമാധികാരി കിം ജോങ് ഉന്‍ നേരത്തെ പ്രതികരിച്ചിരുന്നു. മാത്രമല്ല, കോവിഡിനെ പ്രതിരോധിക്കാന്‍ ദേശവ്യാപക ലോക്ഡൗണ്‍ ആണ് ഉത്തര കൊറിയയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തരകൊറിയയിലെ എല്ലാ പ്രവിശ്യകളും സിറ്റികളും കൗണ്ടികളും പൂര്‍ണമായും അടച്ചിരിക്കുകയാണ്. കൂടാതെ, തൊഴില്‍ യൂണിറ്റുകളും ഉത്പാദനകേന്ദ്രങ്ങളും പാര്‍പ്പിടകേന്ദ്രങ്ങളും ലോക്ഡൗണിലാണെന്നും കെ.സി.എന്‍.എ. പറയുന്നു.

