വിദ്യാർത്ഥികളെ ലൈംഗീക ചൂഷണത്തിനിരയാക്കി പോക്സോ കേസിൽ അറസ്റ്റിലായ മലപ്പുറം നഗരസഭാ മുന്‍ കൗണ്‍സിലറും അധ്യാപകനുമായ കെ.വി. ശശികുമാറിനെതിരെ കൂടുതൽ പരാതികൾ. പുറത്ത് വരുന്ന പുതിയ വിവരങ്ങളനുസരിച്ച് പഠന സമയത്ത് ഇയാൾ ആൺ കുട്ടികളെയും ചൂഷണം ചെയ്തിരുന്നു . മലപ്പുറം സി.ഐ ജോബി തോമസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതെ സമയം; പ്രതിയെ പെരിന്തൽമണ്ണ മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജറാക്കി റിമാന്റ് ചെയ്തു. അടുത്ത ദിവസം സ്കൂളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. സംഭവത്തിൽ, സ്കൂൾ അധികൃതർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നുള്ള കാര്യവും അന്വേഷിക്കും.
സോഷ്യൽ മീഡിയയിലൂടെയുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഈ മാസം 7ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു തുടർന്ന് അടുത്ത ദിവസം തന്നെ ഇയാൾ ഒളിവിൽ പോയി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം മുത്തങ്ങയിലെ സ്വകാര്യ ഹോം സ്റ്റേയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
30 വർഷത്തെ സർവീസിനിടയിൽ ശശി കുമാർ ഒട്ടനേകം കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് വെളിപ്പെടുത്തൽ. പൂര്‍വവിദ്യാർത്ഥികളില്‍ നിന്നുതന്നെ ഇയാൾക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയർന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പൊലീസിന്റെ അന്വേഷണം
സർവീസിൽ നിന്ന് വിരമിച്ച അന്ന് ശശി കുമാർ ഫേസ്ബുക്കിലിട്ട പോസ്റ്റിന് കീഴിലാണ് ആദ്യമായി മീ ടൂ ആരോപണം വന്നത്. ഇതിനു പിന്നാലെ, കഴിഞ്ഞ ദിവസം സ്കൂളിലെ മുൻ വിദ്യാർത്ഥികളുടെ കൂട്ടായ്മ അധ്യാപകന് എതിരെ പരസ്യമായി രംഗത്ത് വന്നു. 2019 ൽ ഇയാൾക്കെതിരെ പരാതി ഒരു വിദ്യാർത്ഥി പരാതി നൽകിയിരുന്നു. വിദ്യാർത്ഥിനികളിൽ പലർക്കും ആ പ്രായത്തിൽ പ്രതികരിക്കാൻ ആവാതെ പലപ്പോഴും അധ്യാപകന്റെ അതിക്രമങ്ങൾ നിശബ്ദമായി സഹിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍.