വയനാട് : ജില്ലയിൽ മൂന്ന് പോലീസുകാർക്ക് കോവിഡ് പോസിറ്റീവ് ആയ സാഹചര്യത്തിൽ ജാഗ്രതയിലാണ് വയനാട്. അതേ സമയം ഇത്തരമൊരു സാഹചര്യം വന്നാൽ എന്തൊക്കെ മുൻകൂട്ടി ചെയ്യണമെന്ന കാര്യത്തിൽ നേരത്തെ തയ്യാറെടുപ്പുകൾ നടന്നതായി നിരീക്ഷണത്തിൽ കഴിയുന്ന എസ് പി ആർ. ഇളങ്കോ ഐ പി എസ് കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിനോടായി ഫോൺ സംഭാഷണത്തിൽ അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന ഇദ്ദേഹം, സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊണ്ട് വീട്ടിൽ ഇരുന്നു കൊണ്ട് കോവിഡ് പ്രവർത്തനങ്ങളിൽ സഹ പ്രവർത്തകർക്ക് നിർദ്ദേശം നൽകുന്നുണ്ടെന്നും ഫോൺ സംഭാഷണത്തിൽ അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥർ കൊറന്റൈനിൽ കഴിയുന്ന സാഹചര്യത്തിൽ പകരം മറ്റു സഹപ്രവർത്തകർ വേണ്ട ഉത്തരവാദിത്വം നല്ല രീതിയിൽ കൊണ്ട് പോകുന്നുണ്ടെന്നും പ്രകൃതി ദുരന്തത്തിലും,മറ്റു ദുരിത മുഖത്തും, ശബരിമല ദർശന സമയങ്ങളിലുമെല്ലാം കൂടുതൽ ജോലി ചെയ്യാൻ സന്നദ്ധ കാണിക്കുന്ന പോലീസുകാർക്ക് നിലവിലെ സാഹചര്യത്തിലെ പ്രവർത്തനം ബുദ്ധിമുട്ടുള്ളതല്ല എന്നും കൂട്ടി ചേർത്തു.
ഇദ്ദേഹത്തിന്റെ പിതാവ് തമിഴ്നാട്ടിൽ നിന്നും കേരളത്തിലെത്തിയിരുന്നു. അദ്ദേഹത്തിന്റെ നിരീക്ഷണ കാലാവധി കഴിയുന്ന സമയത്താണ് തനിക്ക് വയനാട്ടിലെ നിലവിലെ സാഹചര്യം കൊണ്ട് കൊറന്റൈനിൽ പോകേണ്ടി വന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. കുടുംബത്തോടൊപ്പം ഇടപഴകിയ ഇദ്ദേഹത്തിന്റെ ഒന്നര വയസ്സുള്ള കുഞ്ഞിനും ഭാര്യയെയും നിലവിൽ കൊറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുയാണ്. നിലവിൽ ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം പുറത്ത് വന്നിട്ടില്ല.
വയനാട് ഡി വൈ എസ് പി യുടെ ഫലം നെഗറ്റീവ് ആയത് ഏറെ ആശ്വാസം നൽകുന്നുണ്ടെന്നും. ആശങ്കപെടേണ്ടതില്ല എന്ന കാര്യവും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ആരോഗ്യ മേഖല രോഗത്തെ തരണം ചെയ്യാൻ കെൽപ്പുള്ള പ്രവർത്തനം കാഴ്ച്ച വെക്കുന്നതിനാലും സാഹചര്യം തരണം ചെയ്യാൻ സാധിക്കുമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.

