മകന് മതം മാറി വിവാഹം ചെയ്തതിനെ തുടര്‍ന്ന് പൂരക്കളി കലാകാരനായ അച്ഛൻ വിനോദ് പണിക്കരെ അനുഷ്ഠാന കലയില്‍ നിന്നും വിലക്കികരിവള്ളൂര് ക്ഷേത്രസമിതി. ഇതര മതത്തില്‍പെട്ട യുവതി വീട്ടില്‍ ഇരിക്കുമ്പോള്‍ പണിക്കരെ ക്ഷേത്രത്തില്‍ കൊണ്ടുപോകാന്‍ സാധിക്കില്ലെന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ നിലപാട്.കണ്ണൂര്‍ കരിവെള്ളൂരിലെ വാണിയില്ലം സോമേശ്വരി ക്ഷേത്രം, കുണിയന്‍ പറമ്പത്ത് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലാണ് അനുഷ്ഠാന കലയില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിനോദ് പണിക്കരെ ക്ഷേത്രം ഭാരവാഹികള്‍ വിലക്കിയത്. അതേസമയം, വിഷയത്തില്‍ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി.
മൂന്നുവര്‍ഷം മുമ്പ് പണിക്കരുടെ മകന് മുസ്ലീം യുവതിയെ വിവാഹം ചെയ്തിരുന്നു. തുടര്‍ന്നാണ് ഇതരമത വിശ്വാസിയായ പെണ്‍കുട്ടി വീട്ടിലുണ്ടെന്ന് ആരോപിച്ച് ക്ഷേത്രത്തിലെ പൂരക്കളിയില്‍ നിന്ന് വിനോദിനെ വിലക്കിയത്.യുവതിയെ വീട്ടില്‍ നിന്നും മാറ്റി നിര്‍ത്തിയാല്‍ മാത്രമേ പൂരക്കളിക്ക് അവസരം ഉണ്ടാവുകയുള്ളൂ എന്നായിരുന്നു കമ്മിറ്റിയുടെ തീരുമാനമെന്നും വിനോദ് പണിക്കര്‍ പറഞ്ഞു.
കരിവെള്ളൂര്‍ പോലെയുള്ള നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് വേരുറപ്പുള്ള മണ്ണില്‍ ഇത്തരം സാഹചര്യങ്ങള്‍ എങ്ങനെ ഉണ്ടാകുന്നു എന്ന് അറിയില്ലെന്നും വിനോദ് പണിക്കര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ ക്ഷേത്രങ്ങളില്‍ ആര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ പ്രതികരണം. ക്ഷേത്രാചാരങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ് മാറ്റി നിര്‍ത്തുന്നതെന്നുമാണ് ഭാരവാഹികള്‍ ഉയര്‍ത്തുന്ന അവകാശവാദം.

