കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കപിൽ സിബൽ. കൂട്ടത്തോൽവി അത്ഭുതപ്പെടുത്തിയില്ലെന്ന് കപിൽ സിബൽ പറഞ്ഞു. എട്ട് വർഷമായി നടത്താത്ത ചിന്തൻ ശിബിർ ഇപ്പോൾ നടത്തിയിട്ട് എന്ത് പ്രയോജനം? നേതാക്കളുടെ മനസിലാണ് ചിന്തൻ ശിബിർ നടക്കേണ്ടിയിരുന്നതെന്നും കപിൽ സിബൽ പറഞ്ഞു.
കോൺഗ്രസ് എല്ലാവരുടേതുമാണ് ഒരു കുടുംബത്തിൻ്റെയന്നും രാഹുൽ ഗാന്ധി ഇല്ലാത്ത അധികാരം ഉപയോഗിക്കുക്കുകയാണെന്നും പഞ്ചാബിലെത്തി ചന്നിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ രാഹുലിന് എന്തധികാരം ആണുള്ളതെന്നും കപിൽ സിബൽ ചോദിച്ചു . നേതൃത്വം മാറുക തന്നെ വേണം . അല്ലാതെ പരിഷ്ക്കാര നടപടികൾ കൊണ്ട് മാത്രം ഗുണം ചെയ്യില്ലെന്നും കപിൽ സിബൽ തുറന്നടിച്ചു.
ഇതിനിടെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗ്രൂപ്പ് 23 വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. നാളെ
വൈകുന്നേരം 7 മണിക്ക് വിശാല യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്.
യോഗത്തിലേക്ക് കേരളത്തിലെ ചില നേതാക്കൾക്കും ക്ഷണം ഉണ്ട്. സംഘടനാ ജനറൽ സെക്രട്ടറിയെ മാറ്റുന്നതടക്കമുള്ള ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പിൽ ഗ്രൂപ്പ് 23 നേതാക്കൾ പ്രവർത്തക സമിതി യോഗത്തിൽ പ്രതിഷേധിച്ചിരുന്നില്ല.

