കെഎസ്ഇബി ചെയർമാന്റെ വിമർശനത്തിൽ മറുപടിയുമായി മുൻ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി. തൻറെ ഭരണ കാലത്ത് എല്ലാം നിയമപരമായാണ് ചെയ്തതെന്നും കൂടുതൽ കാര്യങ്ങൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി ആലോചിച്ച് പറയാമെന്നും എം എം മണി പറഞ്ഞു . . വൈദ്യുതി മന്ത്രിക്കെതിരെയും എം എം മണി ആരോപണമുന്നയിച്ചു . വൈദ്യുതി മന്ത്രി അറിഞ്ഞിട്ടാണോ ചെയർമാൻ ഇക്കാര്യങ്ങൾ പറഞ്ഞതെന്ന് എം എം മണി ചോദിച്ചു. . കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബോർഡിൽ പൊലീസ് സംരക്ഷണം വേണ്ടി വന്നില്ല. ഇപ്പോൾ വൈദ്യുതി ഭവനിൽ പൊലീസിനെ കയറ്റേണ്ട നിലയിൽ കാര്യങ്ങൾ എത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈദ്യുതി ബോർഡ് ചെയർമാൻ അശോകൻ അങ്ങനെ പറഞ്ഞത് എന്തടിസ്ഥാനത്തിലാണ്, മന്ത്രി അറിഞ്ഞാണോ അങ്ങനെ പറഞ്ഞത്, അതോ മന്ത്രിക്ക് പറയാനുള്ളത് പുള്ളിയെ കൊണ്ട് പറയിപ്പിച്ചതാണോയെന്നും സിപിഐഎം സംസ്ഥാന സമിതി അംഗം കൂടിയായ എംഎം മണി ചോദിച്ചു. ഇടത് മന്ത്രിമാരിൽ സാമാന്യം ഭേദപ്പെട്ട നിലയിൽ പ്രവർത്തിച്ചു. നാലര വർഷമാണ് താൻ മന്ത്രിയായിരുന്നത്. അത് കെഎസ്ഇബിയുടെ സുവർണകാലമായിരുന്നുവെന്നും മണി പറഞ്ഞു.
എംഎം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇടതു യൂണിയനുകള്‍ ബോര്‍ഡിന് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിന് കൂട്ടുനിന്നുവെന്നാണ് ചെയര്‍മാന്റെ പ്രധാന ആക്ഷേപം. സര്‍ക്കാരിന്റ മുന്‍കൂര്‍ അനുമതി തേടാതെ 1200 കോടി അധിക ബാധ്യത വരുത്തുന്ന ശമ്പള പരിഷ്കരണം നടപ്പിലാക്കി. ഇതിപ്പോള്‍ ഏജിയുടെ വിശദീകരണം തേടലില്‍ എത്തിയിരിക്കുന്നു.