എന്‍സിപി വിട്ട മാണി സി കാപ്പനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. യുഡിഎഫില്‍ എത്തിയ മാണി സി കാപ്പന് പാര്‍ട്ടി രൂപീകരണത്തിനായി നീക്കം തുടങ്ങിയ സമയത്താണ് ഈ നീക്കം. മാണി സി കാപ്പന്റെ പുതിയ പാർട്ടി പ്രഖ്യാപനം 22-ന് ശേഷം ഉണ്ടാകും. കാപ്പന്റെ പാർട്ടിയെ ഘടക കക്ഷിയാക്കുന്ന കാര്യത്തിൽ യുഡിഎഫ് വൈകാതെ തീരുമാനം എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി
പാലായിലെ ശക്തി പ്രകടനം യുഡിഎഫ് കേന്ദ്രങ്ങളിലുണ്ടാക്കിയ മതിപ്പ് മുതലാക്കി വേഗത്തിൽ മുന്നണിയിൽ കടക്കാനുള്ള നീക്കങ്ങളാണ് മാണി സി കാപ്പനും കൂട്ടരും നടത്തുന്നത്. ഇതിനായി പുതിയ പാർട്ടി രൂപീകരിക്കാൻ കാപ്പൻ അധ്യക്ഷനായി പത്തംഗ സമിതിയെ നിയോഗിച്ചു. 22-ന് തിരുവനന്തപുരത്ത് കാപ്പൻ അനുകൂലികളായ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ പാർട്ടിയുടെ പേര്, ഭരണഘടന, കൊടി, ചിഹ്നം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനം ഉണ്ടാകും. കോട്ടയത്ത് രമേശ് ചെന്നിത്തല വിവിധ മേഖലയിലെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയിൽ മാണി സി കാപ്പനും എത്തിയിരുന്നു.

