കേരളത്തിലെ കൊവിഡ് മരണങ്ങളിലുണ്ടായ വർധനവിനെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്രസർക്കാർ. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണവും മരണങ്ങളും കുറഞ്ഞു വരികയാണെങ്കിലും മുൻകാലങ്ങളിൽ സ്ഥിരീകരിക്കാതിരുന്ന ആയിരക്കണക്കിന് മരണങ്ങളാണ് ഇക്കഴിഞ്ഞ മാസങ്ങളിൽ ഒരോ ദിവസവും ആരോഗ്യവകുപ്പ് പട്ടികയിൽ ചേർക്കുന്നത്. ഈ കണക്കുകൾ പരിശോധിക്കാനും അന്വേഷിക്കാനുമാണ് പ്രത്യേക സംഘം കേരളത്തിൽ എത്തുന്നത്. ഡോ.പി.രവീന്ദ്രൻ, ഡോ.രുചി ജെയിൻ, ഡോ.പ്രണയ് വർമ്മ എന്നിവരടങ്ങിയ സംഘമാണ് കേരളത്തിൽ എത്തുന്നത്. കേരളത്തിലെ കൊവിഡ് പരിശോധന സംവിധാനങ്ങൾ, സമ്പർക്കപ്പട്ടിക തയ്യാറാക്കുന്ന രീതി, കണ്ടെയ്മൻമെൻ്റ സോണുകളുടെ നിർണയം, ഹോസ്പിറ്റൽ ബെഡുകളുടെ ലഭ്യത, ആംബുലൻസ് മറ്റു അനുബന്ധ സൌകര്യങ്ങൾ കൊവിഡ് വാക്സീനേഷനിലെ പുരോഗതി എന്നിവയെല്ലാം സംഘം പരിശോധിക്കും.
നിലവിൽ കൊവിഡ് വ്യാപനം ഏറ്റവും ശക്തമായി തുടരുന്ന സംസ്ഥാനമെന്ന നിലയിൽ കേരളത്തോടൊപ്പംതന്നെ മിസ്സോറാമിലേക്കും പ്രത്യേക സംഘത്തെ കേന്ദ്രസർക്കാർ അയക്കുന്നുണ്ട്. ഡിസംബർ 12-ന് മുൻപായി പ്രത്യേകസംഘത്തോട് കേരളത്തിലും മിസ്സോറാമിലും എത്താൻ ആരോഗ്യമന്ത്രാലയം ജോയിൻ്റ സെക്രട്ടറി ലവ് അഗർവാളിൻ്റെ ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

