തിരുവനന്തപുരം: ജെബി മേത്തർ എംപിക്കെതിരെ നിയമ നടപടിയുമായി മേയർ ആര്യാ രാജേന്ദ്രൻ. ജെബി മേത്തർ നടത്തിയ അപകീർത്തികരമായ പരാമർശത്തിനെതിരെ ആര്യ രാജേന്ദ്രൻ വക്കീൽ നോട്ടീസ് അയച്ചു. ഏഴ് ദിവസത്തിനകം രേഖാമൂലവും മാധ്യമങ്ങളിലൂടെയും പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം.മേയറുടെ രാജി ആവശ്യപ്പെട്ടുള്ള മഹിളാ കോൺഗ്രസ് പ്രതിഷേധത്തിനിടെയാണ് ‘കട്ട പണവുമായി മേയറൂട്ടി കോഴിക്കോട്ടേക്ക് വിട്ടോ’ എന്ന പോസ്റ്റർ ഒട്ടിച്ച പെട്ടിയുമായി അദ്ധ്യക്ഷ ജെബി മേത്തർ എംപി എത്തിയത്. ഭർത്താവിന്റെ വീട് സുരക്ഷിതമാണെന്നും മേയർ രാജിവെക്കുന്നത് വരെ മഹിളാ കോൺഗ്രസ് പ്രതിഷേധം തുടരുമെന്നും ജെബി മേത്തർ പറഞ്ഞിരുന്നു. പരാമർശം വിവാദമായതോടെ ‘ഭർത്താവിന്റെ നാട് എന്ന നിലയ്ക്കല്ല ഉദ്ദേശിച്ചതെന്ന്’ എംപി വിശദീകരിച്ചു.
കോൺഗ്രസ് എംപിമാർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മേയർ നേരത്തെ വ്യക്തമാക്കിയിരുന്നു. പരാമർശവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ കോടതിയിൽ പറയട്ടെയെന്നായിരുന്നു ആര്യാ രാജേന്ദ്രന്റെ പ്രതികരണം. ഒരു വനിതാ പ്രതിനിധിക്കെതിരെ പറയാൻ കഴിയുന്ന കാര്യമല്ല ജെബി മേത്തർ എംപി പറഞ്ഞത്. നിയമനടപടിയുടെ ഭാഗമായി അവർ പരാമർശം തിരുത്തുന്നെങ്കിൽ തിരുത്തട്ടെയെന്നും മേയർ റിപ്പോർട്ടർ ടി വി എഡിറ്റേഴ്‌സ് അവറിൽ പ്രതികരിച്ചിരുന്നു.