മണ്ഡലകാല പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഞായറാഴ്ച വൈകിട്ട് അഞ്ചിന് നട തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തിങ്കളാഴ്ച മുതലാണ് സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുക. ചിത്തിരആട്ടവിശേഷപൂജകള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച രാത്രി എട്ടിനാണ് നട അടച്ചത്. ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.
ഞായറാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം നിയുക്ത ശബരിമല മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റിയെയും മാളികപ്പുറം മേല്‍ശാന്തി എം.എന്‍. രജികുമാറിനെയും മേല്‍ശാന്തിമാരായി അഭിഷേകം ചെയ്ത് അവരോധിക്കും. തന്ത്രിയുടെ കാര്‍മികത്വത്തില്‍ സോപാനത്താണ് ചടങ്ങുകള്‍ നടക്കുക. രാത്രി നടയടച്ചശേഷം നിലവിലെ ശബരിമല മേല്‍ശാന്തിയായ എ.കെ. സുധീര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായ എം.എസ്. പരമേശ്വരന്‍ നമ്പൂതിരിയും രാത്രിതന്നെ മലയിറങ്ങും. വൃശ്ചികം ഒന്നിന് പുലര്‍ച്ചെ പുതിയ മേല്‍ശാന്തിമാരാണ് നടകള്‍ തുറക്കുന്നത്.
കോവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍ കരുതലിന്റെ ഭാഗമായി ഈ വര്‍ഷം തിരുവാഭരണം ദര്‍ശനത്തിനായി തുറന്നുവെക്കില്ലെന്ന് പന്തളം കൊട്ടാരം. വലിയതമ്പുരാന്‍ രേവതിനാള്‍ പി.രാമവര്‍മ്മരാജയുടേയും മുതിര്‍ന്ന അംഗങ്ങളുടേയും നിര്‍ദേശപ്രകാരമാണ് തീരുമാനമെന്ന് കൊട്ടാരം നിര്‍വാഹകസംഘം സെക്രട്ടറി പി.എന്‍.നാരായണ വര്‍മ്മ അറിയിച്ചു. മണ്ഡല പൂജാ ഉത്സവവും ധനു 28-നുള്ള തിരുവാഭരണ ഘോഷയാത്രയും ആചാരങ്ങളോടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്നത് സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കും.
തീര്‍ത്ഥാടകര്‍ക്കുള്ള ക്രമീകരണങ്ങള്‍
- തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന മറ്റു കാനന പാതകളിലും അനുമതിയുണ്ടാവില്ല.
- ആദ്യത്തെ വഴി എരുമേലി – പമ്പ
- രണ്ടാമത്തെ വഴി വടശേരിക്കര – പമ്പ
- തീര്‍ത്ഥാടകര്‍ 24 മണിക്കൂര്‍ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
- തീര്‍ത്ഥാടര്‍ വരുന്ന വഴിയിലും നിലയ്ക്കലിലും കോവിഡ് പരിശോധനയ്ക്ക് സംവിധാനമൊരുക്കും.
- തീര്‍ത്ഥാടകര്‍ ആന്റിജന്‍ പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാവും.
- പോസിറ്റീവ് ആകുന്നവരെ മലകയറ്റില്ല.
- മാസ്‌ക് നിര്‍ബന്ധം.
- യാത്രയില്‍ ഉടനീളം സാമൂഹിക അകലം പാലിക്കണം.
- പമ്പാ നദിയില്‍ സ്‌നാനം അനുവദിക്കില്ല. പകരം ഷവര്‍ സംവിധാനം ഏര്‍പ്പെടുത്തും.
- പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലും വിരി വയ്ക്കാന്‍ അനുമതിയില്ല.
- ത്രിവേണിപ്പാലം കടന്ന് സര്‍വീസ് റോഡ് വഴി യാത്ര
- ഗണപതി കോവിലില്‍ കെട്ടുനിറയ്ക്കല്‍ ഉണ്ടാകും.
- വെര്‍ച്വല്‍ ബുക്കിങ് രേഖകള്‍ ഗണപതി ക്ഷേത്രത്തിനടുത്തുള്ള പൊലീസ് കൗണ്ടറില്‍ പരിശോധിക്കും.
- പതിനഞ്ചില്‍ താഴെ തീര്‍ത്ഥാടകരുമായെത്തുന്ന വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടും.
- തീര്‍ത്ഥാടകരെ ഇറക്കിയ ശേഷം വാഹനം നിലയ്ക്കലിലെത്തണം. മറ്റുള്ളവര്‍ക്കായി നിലയ്ക്കലില്‍ നിന്ന് കെ. എസ്. ആര്‍. ടി. സി സര്‍വീസ് നടത്തും.
- അടൂര്‍, പന്തളം, പത്തനംതിട്ട ഡിപ്പോകളില്‍ നിന്ന് സാധാരണ പമ്പ സര്‍വീസുകള്‍ ഉണ്ടാകും. കൂടുതല്‍ ആളുകള്‍ എത്തുന്ന മുറയ്ക്ക് അധിക സര്‍വീസ്.
- നിലയ്ക്കല്‍- പമ്പ ചെയിന്‍ സര്‍വീസിനായി 25 ബസുകള്‍.
- പമ്പയില്‍ നിന്ന് 200 രൂപ വാങ്ങി ചൂടുവെള്ളം സ്റ്റീല്‍ കുപ്പിയില്‍ നല്‍കും. ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ കുപ്പി തിരികെ നല്‍കി പണം വാങ്ങാം.
- കാനന പാതയില്‍ ഇടയ്ക്കിടെ ചുക്കുവെള്ള വിതരണം
- കയറ്റവും ഇറക്കവും സ്വാമി അയ്യപ്പന്‍ റോഡ് വഴിമാത്രം
- മരക്കൂട്ടത്ത് നിന്ന് ചന്ദ്രാനന്ദന്‍ റോഡുവഴി സന്നിധാനത്തേക്ക്
- പതിനെട്ടാംപടിക്ക് താഴെ കൈ കാലുകള്‍ സാനിറ്റൈസ് ചെയ്യാം.
- പതിനെട്ടാം പടിയില്‍ പൊലീസ് സേവനത്തിന് ഉണ്ടാകില്ല.
- കൊടിമരച്ചുവട്ടില്‍ നിന്ന് ഫ്‌ലൈ ഓവര്‍ ഒഴിവാക്കി ദര്‍ശനത്തിന് കടത്തിവിടും.
- ശ്രീകോവിലിന് പിന്നില്‍ നെയ്‌ത്തേങ്ങ സ്വീകരിക്കാന്‍ കൗണ്ടര്‍
- സന്നിധാനത്ത് മറ്റ് പ്രസാദങ്ങള്‍ ഒന്നുമില്ല.
- മാളികപ്പുറത്തെ വഴിപാട് സാധനങ്ങള്‍ പ്രത്യേക ഇടത്ത് നിക്ഷേപിക്കാം.
- മാളികപ്പുറം ദര്‍ശനം കഴിഞ്ഞ് വടക്കേനടവഴി വരുമ്പോള്‍
- ആടിയശിഷ്ടം നെയ്യ് പ്രസാദമായി ലഭിക്കും.
- അപ്പം, അരവണ ആഴിക്ക് സമീപമുള്ള കൗണ്ടറില്‍ മാത്രം.
- സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല.
- തന്ത്രി, മേല്‍ശാന്തി, മറ്റ് പൂജാരിമാര്‍ എന്നിവരെ കാണാന്‍ അനുവാദമില്ല.
- ഭസ്മകുളത്തില്‍ കുളിക്കാന്‍ അനുവദിക്കില്ല.
- ശയനപ്രദക്ഷിണം ഇല്ല.
- നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ അന്നദാനം ഉണ്ടാകും.