മൈസൂരു: മൈസൂരിവിലെ അറിയപ്പെടുന്ന കർണാടക സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികൾ ദുർമന്ത്രവാദം നടത്തിയതായി പരാതി. യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസരുടെ ചേംബറിൽ മന്ത്രവാദം നടത്തിയെന്നാണ് പരാതി.
ഏകദേശം ആറുമാസത്തോളമായി പൂട്ടിക്കിടന്ന പ്രൊഫസറുടെ മുറിയിൽ നിന്ന് ചത്ത കോഴി, മഞ്ഞൾപ്പൊടി, മുടി, പ്രൊഫസറുടെ പകുതി കീറിയ ഫോട്ടോ, പൊട്ടിയ വളകൾ എന്നിവ ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. സംഭവത്തിൽ തുടർന്ന് അന്വേഷണം നടത്താൻ സർവകലാശാല ഉത്തരവിട്ടു. പരിശോധനക്ക് ശേഷം ക്യാമ്പസിലെ ശുചീകരണ തൊഴിലാകളെക്കൊണ്ട് മുറി വൃത്തിയാക്കിയതായി സർവകലാശാല അധികൃതർ പറഞ്ഞു. അതേസമയം, സംഭവത്തിൽ വകുപ്പ് മേധാവിയിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും കെഎസ്ഒയു ഇൻചാർജ് രജിസ്ട്രാർ എ ഖാദർ പാഷ പറഞ്ഞു.
മുക്തഗംഗോത്രിയിലുള്ള കാമ്പസിലെ പ്രൊഫസറായ തേജസ്വി നവിലൂരിന്റെ മുറിയിൽ നിന്നാണ് ഇത് കണ്ടെടുത്തത്. കട്ടിയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗിൽ സൂക്ഷിച്ച നിലയിലാണ് ചത്ത കോഴിയെ കണ്ടെത്തിയത്. ഇതിന് അഞ്ചാറു ദിവസത്തെ പഴക്കമുണ്ടെന്നും ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.