തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടികയില്‍ ഒരു വീട്ടില്‍ 113 വോട്ട്. തൃശ്ശൂര്‍ കോര്‍പറേഷനിലെ പഴയ നടത്തറ വാര്‍ഡില്‍ ഒരു വീട്ടിലാണ് ഇത്രയും പേര്‍ വോട്ടര്‍മാരായത്. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് വാര്‍ത്ത സമ്മേളനത്തില്‍ ആണ് ഇക്കാര്യം പുറത്തു വിട്ടത്. അശോകന്‍ എന്ന വ്യക്തിയുടെ പേരിലുള്ള വീട്ടിലാണ് വോട്ട് ചേര്‍ത്തത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 5 പേര്‍ മാത്രമാണ് ഇവിടെ വോട്ടര്മാര് ആയിരുന്നത്. ഇതാണ് 113 ആയത്. ലോകസഭ തെരഞ്ഞെടുപ്പിന് സമാനമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ അട്ടിമറി ശ്രമം നടക്കുകയാണ്.
മലപ്പുറം തിരൂര്‍ സ്വദേശിയായ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്‍ ബി.ജെ.പി തൃശൂര്‍ ജില്ല വൈസ് പ്രസിഡന്റിന്റെ മേല്‍വിലാസത്തില്‍ വോട്ട് ചേര്‍ത്ത വിവരം ഇനലെ പുറത്തുവന്നിരുന്നു. ബി.ജെ.പി തൃശൂര്‍ ജില്ല വൈസ് പ്രസിഡന്റും തൃശൂര്‍ നഗരസഭ കൗണ്‍സിലറും കേരളവര്‍മ കോളജ് അധ്യാപികയുമായ ഡോ. വി. ആതിരയുടെ വീടിന്റെ വിലാസത്തിലാണ് ഇദ്ദേഹത്തിന്റെ വോട്ട്. ഈ വീട്ടിലെ സ്ഥിരതാമസക്കാരനാണെന്ന് വ്യക്തമാക്കിയാണ് വോട്ട് ചേര്‍ത്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അനുഭാവികള്‍ മുതല്‍ സംസ്ഥാന നേതാക്കള്‍ വരെ വ്യാജ വിലാസത്തിലും അല്ലാതെയും തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ വോട്ട് ചേര്‍ത്തുവെന്നാണ് വ്യക്തമാകുന്നത്.

