തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് വിലക്കുറവില്‍ സാധനങ്ങള്‍ നല്‍കാനുള്ള തയ്യാറെടുപ്പുകളുമായി സര്‍ക്കാര്‍. സെപ്തംബര്‍ അഞ്ചുമുതല്‍ സംസ്ഥാനത്ത് 92 കേന്ദ്രങ്ങളില്‍ സപ്ലൈകോ ഓണച്ചന്ത ഒരുക്കും. 13 ജില്ലാ ചന്തകളും 78 താലൂക്ക് ചന്തകളും ഒരു സംസ്ഥാന ചന്തയുമാണ് ഉണ്ടാകുക. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താകും സംസ്ഥാന വിപണന മേള. താലൂക്കുകളില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ചന്തകളായി പ്രവര്‍ത്തിക്കും. ഉത്രാട ദിനംവരെ ഇവ പ്രവര്‍ത്തിക്കും.
ജില്ലാ, സംസ്ഥാനമേളയ്ക്ക് പ്രത്യേക പന്തല്‍സൗകര്യം ഉണ്ടാകും. ഹോര്‍ട്ടികോര്‍പ്, കുടുംബശ്രീ, മില്‍മ ഉല്‍പ്പന്നങ്ങള്‍ എല്ലാ സപ്ലൈകോ ചന്തകളിലും വില്‍പ്പനയ്ക്കുണ്ടാകും. കഴിഞ്ഞവര്‍ഷത്തേതുപോലെ സബ്സിഡിയിതര ഉല്‍പ്പന്നങ്ങളുടെ ഓഫര്‍മേളയുമുണ്ടാകും. സബ്സിഡി സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.ജൈവപച്ചക്കറി സമാഹരിക്കാനും ചന്തകളില്‍ പ്രത്യേക സ്റ്റാളുകളിലൂടെ വില്‍ക്കാനും സൗകര്യങ്ങളൊരുക്കും. ബുധനാഴ്ച സപ്ലൈകോ ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി ജി ആര്‍ അനില്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്.
ഓണക്കാലത്ത് കടല, തുവര, പഞ്ചസാര, കുറുവഅരി, വെളിച്ചെണ്ണ എന്നിവയുടെ ലഭ്യത കൂട്ടും. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പരിശോധനകള്‍ ശക്തമാക്കും. കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍, എഡിഎം, ആര്‍ഡിഒ, അസി. കലക്ടര്‍മാര്‍ എന്നിവര്‍ ജില്ലകളില്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കും. ജില്ലകളില്‍ ഭക്ഷ്യവകുപ്പ്, റവന്യു, പൊലീസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ എന്നീ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ സംയുക്ത സ്‌ക്വാഡുകള്‍ രൂപീകരിക്കും.