മംഗളൂരു: ഷിരൂര്‍- അങ്കോള ദേശീയ പാതയില്‍ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി ലോറി ഡ്രൈവര്‍ അര്‍ജുന്‍ അടക്കമുള്ളവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് ഊര്‍ജിതമാക്കും. രാവിലെ എട്ടു മണിയോടെ ഈശ്വര്‍ മാല്‍പെവും സംഘവുമാണ് ഗംഗാവാലി പുഴയില്‍ തിരച്ചില്‍ നടത്തുക. നാവികസേന അംഗങ്ങളും തിരച്ചിലിനിറങ്ങുമെന്ന് ഉത്തര കന്നട ജില്ല കലക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചിട്ടുണ്ട്.
ഉത്തര കന്നട ജില്ലയിലെ ഷിരൂര്‍ അങ്കോള ദേശീയ പാതയില്‍ കഴിഞ്ഞ മാസം 16ന് മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി ലോറി ഡ്രൈവര്‍ അര്‍ജുന്‍, തമിഴ്‌നാട് സ്വദേശിയായ ടാങ്കര്‍ ഡ്രൈവര്‍ ലോകേഷ്, ജഗന്നാഥ് എന്നീ മൂന്നു പേരെയും ലോറിയെയും കണ്ടെത്താനാണ് ഇന്നലെ തിരച്ചില്‍ പുനരാരംഭിച്ചത്. ദേശീയ ദുരന്ത നിവാരണസേന, സംസ്ഥാന ദുരന്ത നിവാരണസേന അംഗങ്ങളും സ്ഥലത്ത് എത്തിയിരുന്നു. തിരച്ചില്‍ കോഓഡിനേറ്റ് ചെയ്യാന്‍ കാര്‍വാര്‍ എം.എല്‍.എ സതീഷ് സെയ്‌ലും മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം. അഷ്‌റഫും രംഗത്തുണ്ട്.
ഇന്നലെ ഗംഗാവാലി പുഴയില്‍ നടത്തിയ തിരച്ചിലില്‍ ലോറിയിലെയും ടാങ്കറിലെയും ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. അര്‍ജുന്‍ സഞ്ചരിച്ച ലോറിയിലെ ഹൈഡ്രോളിക് ജാക്കിയും ഒപ്പം അപകടത്തില്‍പെട്ട ടാങ്കറിലെ രണ്ടു ഭാഗങ്ങളുമാണ് കണ്ടെടുത്തത്.