കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഐഎയെ വിമര്‍ശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. പത്രം വായിക്കുന്നതു പോലും പ്രശ്നമാണെന്ന വിധത്തിലാണ് ഏജന്‍സിയുടെ പോക്കെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ വിമര്‍ശിച്ചു. യു.എ.പി.എ. കേസില്‍ സഞ്ജയ് ജെയ്ന്‍ എന്നയാള്‍ക്ക് ജാര്‍ഖണ്ഡ് ഹൈക്കോടതി നല്‍കിയ ജാമ്യം ശരിവെച്ചാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. സഞ്ജയ് ജെയിനിനെതിരെ എന്‍.ഐ.എ. നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് രമണ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് തള്ളി.
മാവോയിസ്റ്റ് സംഘവുമായി ബന്ധം ആരോപിച്ച് യുഎപിഎ കേസില്‍ ജയിലിലായ പ്രമുഖ കമ്പനിയുടെ ജനറല്‍ മാനേജര്‍ സഞ്ജയ് ജെയ്‌ന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ജാര്‍ഖണ്ഡ് ഹൈക്കോടതി ഉത്തരവിനെതിരെയാണ് എന്‍ഐഎ സുപ്രീം കോടതിയെ സമീപിച്ചത്. ജെയിനിന് എതിരെ യുഎപിഎ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
2018ല്‍ ത്രിതീയ പ്രസ്തുതി കമ്മിറ്റി(ടിപിസി) എന്ന സംഘത്തിന് പണം നല്‍കിയതിനാണ് സഞ്ജയ് അറസ്റ്റിലാകുന്നത്. ഇയാള്‍ക്ക് 2021 ഡിസംബറിലാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പണം നല്‍കിയെന്ന് പറഞ്ഞ് ഇയാള്‍ക്ക് സംഘവുമായി ബന്ധമുണ്ടെന്നു പറയാനാകില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍.