പീഡനക്കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയും ബിഹാര്‍ സ്വദേശിയായ യുവതിയും നല്കിയ അപേക്ഷ പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി നീട്ടിവച്ചു. ബിനോയിയുടെ അഭിഭാഷകന് ഹാജരാകാതിരുന്നതോടെയാണ് കേസ് പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി നീട്ടി വച്ചത്.
കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ വിവാഹിതരാണോ എന്ന ചോദ്യത്തിനു യുവതി അതെ എന്നും ബിനോയ് അല്ല എന്നുമാണു മറുപടി നല്‍കിയത്. കുട്ടിയുടെ ഭാവിയെക്കുറിച്ചു ചോദിച്ചപ്പോഴും വ്യക്തമായ ഉത്തരമുണ്ടായില്ല. ഇന്നലെ വിശദവും കൃത്യവുമായ മറുപടി സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ ഇത് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇരുകൂട്ടരും തമ്മില്‍ ധാരണയിലെത്താന്‍ സാധിക്കാത്തതിനാലാണ് ബിനോയിയുടെ അഭിഭാഷകന് ഹാജരാകാതിരുന്നതെന്നാണ് സൂചന.
കേസ് ഒത്തുതീര്‍ന്നുവെന്ന് കാണിച്ച് ഇരുകൂട്ടരും കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കുട്ടിയുടെ ഭാവി പരിഗണിച്ച് കേസ് അവസാനിപ്പിക്കുന്നുവെന്നാണ് അപേക്ഷയിലുള്ളത്. എന്നാല്‍ ഇരുവരും കോടതിയില്‍ കേസ് ഒത്തുതീര്‍പ്പിലെത്തിയെന്നു കാണിച്ച് നല്കിയ അപേക്ഷ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയിരുന്നു. ബിനോയ് വിവാഹ വാഗ്ദ്ധാനം നല്കി പീഡിപ്പിച്ചെന്നും, ബന്ധത്തില്‍ തനിക്ക് ഒരു കുട്ടിയുണ്ടെന്നും ആരോപിച്ച് 2019 ജൂണ്‍ 13നാണ് യുവതി ഓഷിവാര പൊലീസില്‍ പരാതി നല്‍കിയത്.

