തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 16 ന് നടക്കുന്ന കേരള എൻജിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ പൂർണമായി അണുവിമുക്തമാക്കി ശുചിത്വം ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
പരീക്ഷാ കേന്ദ്രങ്ങളിൽ തെർമൽ സ്കാനർ ഉപയോഗിച്ചുള്ള പരിശോധന നിർബന്ധമാക്കണം . പരീക്ഷാർത്ഥികളും പരീക്ഷക്ക് മേൽനോട്ടം വഹിക്കുന്നവരും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിന് മുമ്പ് പരീക്ഷാർത്ഥികൾക്ക് കൈകൾ വ്യത്തിയാക്കാനുള്ള സൗകര്യം പരീക്ഷാ കേന്ദ്രങ്ങളിൽ ഏർപ്പാടാക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ആവശ്യപ്പെട്ടു.
പ്രവേശന പരീക്ഷ കമ്മീഷണർക്കും റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്കുമാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. പരീക്ഷാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ആശങ്ക പൂർണമായും പരിഹരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികൾ 30 ദിവസത്തിനകം കമ്മീഷനെ അറിയിക്കണം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾ കോവിഡ് തീവ്ര ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ പ്രവേശന പരീക്ഷ നടത്തുന്നത് രോഗ വ്യാപനത്തിന് കാരണമാകുമെന്ന രക്ഷകർത്താക്കളുടെ ആശങ്ക തള്ളികളയാനാവില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ഒരു രക്ഷകർത്താവായ സണ്ണി സി മറ്റം സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.