ബെംഗളുരു: കര്‍ണാടകത്തിലെ വന്‍ജയത്തിന് മണിക്കൂറുകള്‍ കഴിയുമ്പോഴും മുഖ്യമന്ത്രിയെ തീരുമാനിക്കാനാവാതെ കോണ്‍ഗ്രസ്. സിദ്ധരാമയ്യയോ, ഡി കെ ശിവകുമാറോ എന്ന ചോദ്യത്തിന് സിദ്ധരാമയ്യയ എന്ന ഉത്തരമാണ് കോണ്‍ഗ്രസ്സ് ക്യാമ്പുകളില്‍ നിന്ന് ഉയരുന്നത്.
ശിവകുമാറിനെതിരായ ഇഡി കേസുകള്‍ പിന്നീട് തിരിച്ചടിയാകുമോയെന്നും ആശയക്കുഴപ്പവുമുണ്ട്. കൂടുതല്‍ പിന്തുണ സിദ്ധരാമയ്യക്കാണ് ലഭിക്കുന്നത്. ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രിപദവും പ്രധാനവകുപ്പുകളും നല്‍കിയേക്കുെന്നാണ് വിവരം.
മുന്നില്‍ നിന്നും നയിച്ച വിജയശില്പി എന്ന നിലയില്‍ ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രി ആകണം എന്നാഗ്രഹിക്കുന്ന ഒരു വിഭാഗം നേതാക്കള്‍ പാര്‍ട്ടിയിലുണ്ട്. സംസ്ഥാനത്തെ ഏറ്റവും തലമുതിര്‍ന്ന നേതാവ്, പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ മുഖ്യമന്ത്രി പദത്തിന് സിദ്ധ രാമയ്യക്ക് അവകാശമുണ്ട്.
സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നിയമസഭ കക്ഷിയുടെ നിര്‍ണായക യോഗം ഇന്ന് ചേരും. സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റില്‍ 136 സീറ്റിലാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. ബിജെപി 63 സീറ്റിലേക്ക് താഴ്ന്നു. കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിന് വെറും 20 സീറ്റിലേക്ക് ഒതുങ്ങേണ്ടി വന്നു.
ആറ് ശതമാനം വോട്ടിന്റെ വര്‍ധനയാണ് ഇത്തവണ കോണ്‍ഗ്രസിനുണ്ടായത്. ജെഡിഎസിന്റെ ശക്തികേന്ദ്രമായിരുന്ന മൈസൂര്‍ മേഖലയില്‍ മാത്രം ആകെയുള്ള 61 സീറ്റില്‍ 35 ഉം കോണ്‍ഗ്രസ് നേടി. മധ്യ കര്‍ണാടകയില്‍ 25 ല്‍ 16 സീറ്റും ഹൈദരാബാദ് കര്‍ണാടകയില്‍ 41 ല്‍ 23 സീറ്റും കോണ്‍ഗ്രസ് നേടി.
വടക്കന്‍ കര്‍ണാടകയില്‍ അന്‍പതില്‍ 32 സീറ്റ് കോണ്‍ഗ്രസ് പിടിച്ചു. തീര മേഖലയും ബംഗളൂരു അടക്കമുള്ള നഗരഭാഗങ്ങളുമാണ് ബിജെപിക്ക് നേട്ടമാക്കാനായത്. ഈ രണ്ടു മേഖലകളിലെ 47 സീറ്റില്‍ 29 എണ്ണം ബിജെപി നേടി.