ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ 130–ാംജന്മവാർഷികമാണിന്ന്.മധ്യപ്രദേശിലെ മോവയിൽ 1891 ഏപ്രിൽ 14ന് ജനിച്ച അദ്ദേഹം ജാതിവ്യവസ്ഥയ്ക്കും സാമൂഹ്യ അനാചാരങ്ങൾക്കുമെതിരെ പോരാടുന്നതിനായി ജീവിതം ഉഴിഞ്ഞുവച്ചു. ഭരണഘടനാ ശിൽപ്പികൂടിയായ അദ്ദേഹം സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയുമായിരുന്നു.
ജാതിവ്യവസ്ഥയെന്ന കൊടിയ അനീതിക്കെതിരെ പോരാടിയ ഡോ. ഭീം റാവു അംബേദ്കറിൻ്റെ സ്‌മരണകൾ തുടിക്കുന്ന ദിനമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.വർഗീയ ഫാസിസ്റ്റ് രാഷ്ട്രീയവും നവലിബറൽ മുതലാളിത്ത നയങ്ങളും ഭരണഘടനാ മൂല്യങ്ങളുടെ കടയ്ക്കൽ കത്തിവയ്ക്കുന്ന ഈ കാലത്ത് ജനാധിപത്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ആശയങ്ങളുടെ പ്രസക്തി വർദ്ധിച്ചിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ആണിക്കല്ലായ ഭരണഘടനയെ നിർവീര്യമാക്കേണ്ടത് രാജ്യത്തെ വർഗ്ഗീയ ശക്തികളുടെ ആവശ്യമാണ്. അതിനെ ചെറുക്കേണ്ടതാകട്ടെ ജനാധിപത്യ വിശ്വാസികളായ ഓരോരുത്തരുടേയും കടമയും. ആ ചെറുത്തു നില്പിനു കൂടുതൽ കരുത്തും ദിശാബോധവും പകരാൻ അംബേദ്കറിൻ്റെ ഉജ്ജ്വലമായ പോരാട്ടങ്ങൾ നമുക്ക് പ്രചോദനമാകണം. ജാതി ചൂഷണങ്ങളും അസമത്വങ്ങളും ഇല്ലാത്ത ഒരു ലോകത്തിനായി മനുഷ്യർ പോരാടുന്ന കാലത്തോളം അദ്ദേഹം വിസ്മൃതിയിലാണ്ടു പോകാൻ നാം അനുവദിക്കരുത് എന്ന് പറഞ്ഞ മുഖ്യമന്ത്രി ഏവർക്കും അംബേദ്കർ ജയന്തി ആശംസകളും നേർന്നു.
ഇന്ന് അംബേദ്ക്കർ ജയന്തി;ജാതിവ്യവസ്ഥയെന്ന കൊടിയ അനീതിക്കെതിരെ പോരാടിയ അംബേദ്കറിൻ്റെ സ്‌മരണകൾ തുടിക്കുന്ന ദിനമെന്ന് മുഖ്യമന്ത്രി

