information

അറിയിപ്പുകള്‍

റീബൂട്ട് കേരള ഹാക്കത്തോണ്‍ മത്സരങ്ങള്‍ 21 മുതല്‍

റീബൂട്ട് കേരള ഹാക്കത്തോണ്‍ 2020 ന്റെ ഭാഗമായി  ഗതാഗത മന്ത്രാലയവുമായി ബന്ധപ്പെട്ട  മത്സരങ്ങള്‍ ഫെബ്രുവരി 21 മുതല്‍ 23 വരെ കോഴിക്കോട് നടക്കും.       വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളുടെയും ദൈനംദിന പ്രശ്‌നങ്ങള്‍ക്ക് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും അസാപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.  
ആഭ്യന്തരം, വിദ്യാഭ്യാസം, കൃഷി, ഊര്‍ജ്ജം തുടങ്ങി വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടുത്തി 10 ജില്ലകളിലായി  മത്സരങ്ങള്‍ നടന്നുവരികയാണ്.   തുടര്‍ച്ചയായി 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഹാക്കത്തോണ്‍ മത്സരങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ടീമുകള്‍ക്ക് മാര്‍ച്ചില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിക്കാം.  ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 50,000, 30,000, 20,000 രൂപ വീതം നല്‍കുന്നതുള്‍പ്പെടെ പത്ത് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികള്‍ക്ക് ലഭിക്കുക.

വീടില്ലാത്തവര്‍ക്കും റേഷന്‍ കാര്‍ഡ്
റോഡിന്റെയും തോടിന്റെയും വക്കുകളിലും റെയിലിന്റെ പരിസരത്തും  ഷെഡ് കെട്ടി താമസിക്കുന്നവര്‍ക്ക് വീട്  നമ്പര്‍ ഇല്ലാതെ  റേഷന്‍ കാര്‍ഡ് നല്‍കുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇത്തരം താമസക്കാര്‍ റേഷന്‍ കാര്‍ഡിനുളള അപേക്ഷ ആധാര്‍ കാര്‍ഡ് സഹിതം താലൂക്ക് സപ്ലൈ ഓഫീസില്‍ ബുധനാഴ്ച്ചകളില്‍ നല്‍കണം.

വനിത നഴ്‌സുമാര്‍ക്ക് ദുബായില്‍  തൊഴിലവസരം
ദുബായിലെ പ്രമുഖ  ഹോംഹെല്‍ത്ത് കെയര്‍ സെന്ററില്‍  ഹോം നഴ്‌സായി ജോലി ചെയ്യാന്‍ വനിതാ നഴ്‌സുമാര്‍ക്ക് അവസരം.   നോര്‍ക്ക റൂട്ട്‌സ് മുഖേനയാണ്  തെരഞ്ഞെടുപ്പ്. 25നും 40 നും മദ്ധ്യേ പ്രായമുള്ള ബി.എസ്.സി വനിതാ നഴ്‌സുമാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ശമ്പളം 4,000 യു.എ.ഇ ദിര്‍ഹം   (ഏകദേശം 77,600 രൂപ) വരെ. താല്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ nrkhomecare@gmail.com  സമര്‍പ്പിക്കണമെന്ന്   ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍- 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) .അവസാന തീയതി  ഫെബ്രുവരി 25.    

രക്ഷിതാക്കള്‍ക്ക് ഓണ്‍ലൈന്‍ സെമിനാര്‍                                                                                  ‘ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വ്യക്തിത്വ വികസനത്തിന്റെ പ്രാധാന്യം ‘ എന്ന വിഷയത്തില്‍   സൈക്കോളജിസ്‌റ്  കണ്‍സല്‍ട്ടന്റ്  സിജി ആര്‍ കുറുപ്പ്   നേതൃത്വം നല്‍കുന്ന ഓണ്‍ലൈന്‍ ബോധവല്‍ക്കരണ  സെമിനാര്‍ നാളെ (ഫെബ്രുവരി 15) രാവിലെ 10.30  മുതല്‍ ഒരു മണി വരെ കോഴിക്കോട് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസില്‍  നടക്കും.    നിഷിന്റെ  ആഭിമുഖ്യത്തില്‍ വനിതാ ശിശുവികസനവകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി.   സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക്  വിദഗ്ധരുമായി ഓണ്‍ലൈനായി സംശയനിവാരണത്തിനുള്ള അവസരം ലഭിക്കും.  ഫോണ്‍ : 04952378920.

നോര്‍ക്ക പുനരധിവാസ പദ്ധതി :ഫീല്‍ഡ് ക്യാമ്പ് മൂവാറ്റുപുഴ മുനിസിപ്പല്‍ ഹാളില്‍  20 ന്
പ്രവാസി പുനരധിവാസ പദ്ധതി (NDPREM) പ്രകാരം മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ നേത്യത്വത്തില്‍ വായ്പാ യോഗ്യത നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.  യുകോ ബാങ്ക,് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെ ഫെബ്രുവരി 20 ന് രാവിലെ 10 മണിക്ക്  എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ മുനിസിപ്പല്‍ ഹാളിലാണ് ക്യാമ്പ്. ചുരുങ്ങിയത്  രണ്ടു വര്‍ഷക്കാലമെങ്കിലും വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി  മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് തുടങ്ങാവുന്ന സംരംഭങ്ങള്‍  പരിപാടിയില്‍ പരിചയപ്പെടുത്തും. അര്‍ഹരായ സംരംഭകര്‍ക്ക് തല്‍സമയം  നിബന്ധനകളോടെ വായ്പ അനുവദിക്കുകയും അഭിരുചിയുള്ളവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഇതിനായി സര്‍ക്കാര്‍ മാനേജ്‌മെന്റ് പരിശീലന സ്ഥാപനമായ സി.എം.ഡി യുടെ  സേവനവും ലഭ്യമാക്കും.സംരംഭകര്‍ക്ക് മൂലധന, പലിശ സബ്‌സിഡികള്‍ ലഭ്യമാക്കുന്ന പദ്ധതിയില്‍  സംരംഭകരാകാന്‍ താല്പര്യമുളളവര്‍ നോര്‍ക്ക റൂട്ട്‌സിന്റെ വെബ് സൈറ്റായ www.norkarosto.org ല്‍ NDPREM ഫീല്‍ഡില്‍  പാസ്‌പോര്‍ട്ട്, പദ്ധതി വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്ത് മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യണം.  തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കല്‍ തുക ഉള്‍പ്പെടെയുള്ള ലഘു വിവരണവും   വിദേശവാസം തെളിയിക്കുന്ന പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്് എന്നിവയുടെ അസലും പകര്‍പ്പും മൂന്ന് പാസ്‌പോര്‍ട്ട് സൈസ്് ഫോട്ടോയും ക്യാമ്പ് ദിവസം കൊണ്ടുവരണം.കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍- സി.എം.ഡി സഹായ കേന്ദ്രം (0471-2329738) , നോര്‍ക്ക റൂട്ട്‌സിന്റെ ടോള്‍ഫ്രീ നമ്പര്‍ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം), 0471-2770581
 അന്തര്‍സംസ്ഥാന യുവ സാംസ്‌കാരികവിനിമയ പരിപാടി സമാപനം ഇന്ന്
‘ഏക് ഭാരത് ശ്രേഷ്ഠ് ഭാരത്’ എന്ന പദ്ധതിയില്‍ നെഹ്‌റു യുവ കേന്ദ്ര സംഗതന്‍ കേരള  സംഘടിപ്പിക്കുന്ന ഹിമാചല്‍ പ്രദേശ്-കേരളം അന്തര്‍സംസ്ഥാന യുവ സാംസ്‌കാരിക വിനിമയ പരിപാടിയുടെ സമാപനം ഇന്ന് (ഫെബ്രുവരി 14) ഈസ്റ്റ്ഹില്‍ ഗവ.യൂത്ത് ഹോസ്റ്റലില്‍ നടക്കും.  ചരിത്രകാരന്‍ എം.ജി.എസ്.നാരായണന്‍ ഉദ്ഘാടനം ചെയ്യും.ഈസ്റ്റ്ഹില്‍ ഗവ.യൂത്ത് ഹോസ്റ്റലില്‍ നടന്നുവന്നിരുന്ന  പതിനഞ്ചുദിന സഹവാസ ക്യാമ്പിന്റെ സമാപമാണ് നടക്കുക. ഹിമാചല്‍ പ്രദേശിലെ മണ്ഡി, ധര്‍മശാല, ഹമിര്‍പ്പൂര്‍,ഉന, ബിലാസ്പുര്‍  ജില്ലകളില്‍ നിന്നും   കേരളത്തിലെ കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍നിന്നുമുള്ള 50വീതം യുവതീയുവാക്കളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.  ക്യാമ്പിന്റെ ഭാഗമായി ടൗണ്‍ ഹാളില്‍  കലാപരിപാടികളും വെസ്റ്റ്ഹില്‍ താമരക്കുളം ശുചീകരണം,  ഫുഡ് ഫെസ്റ്റിവല്‍, ഓണാഘോഷം , കായികോത്സവം എന്നിവയുമുണ്ടായിരുന്നു.  ജില്ലാ കലക്ടര്‍ എസ്.സംബശിവ റാവു, സാഹിത്യകാരന്മാരായ യൂ.കെ.കുമാരന്‍, പി.കെ.ഗോപി തുടങ്ങിയവരുമായി ക്യാമ്പംഗങ്ങള്‍ കൂടിക്കാഴ്ച നടത്തി.   കളക്ടറോടൊപ്പം കാമ്പുറം ബീച്ച് പരിസരം  വൃത്തിയാക്കുകയും പ്ലാനറ്റോറിയം, ഇരിങ്ങല്‍ സര്‍ഗാലയ, കോഴിക്കോട് ബീച്ച്, കാപ്പാട് ബീച്ച്, സിവില്‍ സ്റ്റേഷന്‍, നടുവട്ടം മില്‍മ പ്ലാന്റ്, കടലുണ്ടി, ബേപ്പൂര്‍ പുലിമുട്ട് തുടങ്ങിയ പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു.

കുടിവെളള സാമ്പിളുകളുടെ പരിശോധന 24 വരെ ഇല്ല
കോഴിക്കോട് വാട്ടര്‍ അതോറിറ്റിയുടെ മലാപ്പറമ്പിലെ ക്വാളിറ്റി കണ്‍ട്രോള്‍ ജില്ലാ ലാബില്‍ ഇന്നു (ഫെബ്രുവരി 14) മുതല്‍ 24 വരെ  സ്വകാര്യ കുടിവെളള സാമ്പിളുകളുടെ പരിശോധനയുണ്ടാകില്ലെന്ന് കേരള ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

സാമ്പത്തിക സ്ഥിതിവിവര വകുപ്പ് സര്‍വെയുമായി സഹകരിക്കണമെന്ന് ഡയറക്ടര്‍
സംസ്ഥാന പുരോഗതിക്കാവശ്യമായ പദ്ധതികള്‍ തയ്യാറാക്കുന്നതിനായി സാമ്പത്തിക സ്ഥിതിവിവര വകുപ്പ് നടത്തുന്ന സര്‍വെയുമായി പൊതുജനങ്ങളും സ്ഥാപനങ്ങളും സഹകരിക്കണമെന്ന് വകുപ്പ് ഡയറക്ടര്‍ അഭ്യര്‍ഥിച്ചു. പൗരത്വ രജിസ്റ്റര്‍, നിയമഭേദഗതി എന്നിവയുമായി വകുപ്പ്തല വിവരശേഖരണത്തിന് ബന്ധമില്ലെന്നും അദ്ദേഹം അറിയിച്ചു.  കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ഇ.എ.ആര്‍.എ.എസ്, കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ് തയ്യാറാക്കുന്നതിനുള്ള വിലശേഖരണം, സാമൂഹിക- സാമ്പത്തിക മേഖലകളുമായി ബന്ധപ്പെട്ട നാഷണല്‍ സാമ്പിള്‍ സര്‍വെ, വിവിധ അഡ്ഹോക് സര്‍വെകള്‍, കുടുംബ ബജറ്റ് സര്‍വെ തുടങ്ങിയവയാണ് വകുപ്പ് നടത്തുന്നത്. ആഭ്യന്തര ടൂറിസവുമായി ബന്ധപ്പെട്ട വിവരങ്ങളും സുസ്ഥിരവികസന സൂചികകള്‍ക്കായുള്ള വിവരങ്ങളും അനുബന്ധമായി ശേഖരിക്കുന്നുണ്ട്.

 ഫാഷന്‍ ഡിസൈനിങ് കെട്ടിട ഉദ്ഘാടനം നാളെ
മലാപ്പറമ്പ് വനിതാ പോളിടെക്നിക് കോളേജിനു കീഴില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഗവ: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് കെട്ടിടം  നാളെ (ഫെബ്രുവരി 15) രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി  ഉദ്ഘാടനം ചെയ്യും.  ഫാഷന്‍ വസ്ത്രാലങ്കാര കരകൗശല വസ്തുക്കളുടെ പ്രദര്‍ശനോദ്ഘാടനം  ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന മുണ്ടേങ്ങാട്ട് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗവ. വനിത പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പല്‍ പി.ബീന,  ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി ജി ജോര്‍ജ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സുജാത മനക്കല്‍, മെമ്പര്‍മാരായ  എ കെ ബാലന്‍, അഹമ്മദ് പുന്നക്കല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!