സ്വർണ്ണക്കടത്ത് കേസിൽ അടിയന്തര പ്രമേയവുമായി പി ടി തോമസ് എം എൽ എ. കേസിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്നും സ്വപ്നയുമായി ശിവശങ്കരന് വിദേശയാത്രക്കൾക്ക് പോയപ്പോൾ ചോദ്യം ചെയ്യാനുള്ള ഉളുപ്പില്ലായിരുന്നോ മുഖ്യമന്ത്രിക്കെന്നും പിടി തോമസ് ചോദിച്ചു.ശിവങ്കർ സ്വപ്നസുന്ദരിക്കൊപ്പം കറങ്ങിയപ്പോൾ തടയാൻ മുഖ്യമന്ത്രിക്ക് സാധിച്ചില്ല. പരസ്യവും കിറ്റും നൽകി എന്നും ജനങ്ങളെ പറ്റിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങൾക്ക് ശക്തമായ ഭാഷയിലാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. പിടി തോമസിന് പിണറായി വിജയനെ മനസിലായിട്ടില്ലെന്നും സഭ പൂരപ്പാട്ടിനുള്ള സ്ഥലം അല്ലെന്നും അദ്ദേഹം പറഞ്ഞു. സ്വപ്ന സുരേഷ് എങ്ങനെ ബാംഗ്ലൂരിൽ എതിയെന്നത് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ടെന്നും കമ്മ്യൂണിസ്റ്റുകാരെ ജയിൽ കാണിച്ച് പേടിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ലിഫ് ഹൗസിലെ വലിയ റൂമിൽ വച്ചാണ് മകളുടെ കല്യാണം നടന്നതെന്നും അവിടെ സ്വപ്ന വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വീട്ടുകാരെ ഒരു കേന്ദ്ര ഏജൻസിയും ചോദ്യം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശിവശങ്കറിന് ഐഎഎസ് കിട്ടിയത് എകെ ആൻ്റണി മുഖ്യമന്ത്രി ആയിരുന്നപ്പോഴാണെന്നും യുഡിഎഫിന്റെ ഭരണകാലത്ത് ശിവശങ്കർ ഡിപിഐ, പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, കെഎസ്ഈബി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. വിവിധ ചുമതലകൾ വഹിക്കാൻ പ്രാപ്തനായിരുന്നു അദ്ദേഹം, പക്ഷേ നടക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും ഇതിന്റെ ഉറവിടം കണ്ടെത്തണമെന്നാണ് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര ഏജൻസികൾ സംഭവത്തിൽ രാഷ്ട്രീയമായി ഇടപെട്ട് തുടങ്ങിയപ്പോഴാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തെ നിലപാട് അറിയിച്ചത്. ശിവശങ്കരൻ്റെ വിദേശയാത്രയിൽ തനിക്ക് എന്തിനാണ് ഉളുപ്പുണ്ടാകേണ്ടതെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. പിടി തോമസിന് പിണറായി വിജയനെ മനസിലായിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ആരുടെ മുന്നിലും തല ഉയർത്തി നിൽക്കാനുള്ള മനക്കരുത്ത് നെഞ്ചിലുണ്ടെന്നും തന്റെ കൈകൾ ശുദ്ധമാണെന്നും അവകാശപ്പെട്ടു.

