കുന്നമംഗലം : പൗരത്വ നിയമ ഭേദഗതി പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി കുന്നമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നമംഗലം പോസ്റ്റ് ഓഫീസ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഉപരോധം വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി ഉദ്‌ഘാടനം ചെയ്തു. പൗരത്വ നിയമം ഏതെങ്കിലും വിഭാഗത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നും ആർഎസ്എസുകാരല്ലാത്ത മുഴുവൻ ജനങ്ങളെയും ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സവർണ്ണ ബ്രാഹ്മണിസത്തിലധിഷ്ഠിതമായ സംഘ് രാഷ്ട്രത്തിൽ ആദിവാസി-ദളിത് സമൂഹങ്ങൾക്ക് പോലും സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ടി.പി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറിമാരായ ഇ.പി. അൻവർ സാദത്ത്, ജയപ്രകാശൻ മടവൂർ, ഫ്രറ്റെണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറി മുസ്‌ലിഹ് പെരിങ്ങോളം, സി.പി. സുമയ്യ, സിറാജുദ്ദീൻ ഇബ്നു ഹംസ തുടങ്ങിയവർ സംസാരിച്ചു. പോസ്റ്റ് ഓഫീസ് ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിന് ഉമ്മർ മാസ്റ്റർ, പി.എം.ശരീഫുദ്ധീൻ, സി. അബ്ദുറഹ്മാൻ, എം. അനീസ്, സലീം മേലേടത്ത്, നൗഫൽ കുറ്റിക്കാട്ടൂർ, എൻ. ദാനിഷ് എന്നിവർ നേതൃത്വം നൽകി.